ഷാരോണ്‍ രാജ് വധക്കേസിൽ ഗ്രീഷ്മയുടെ ശബ്ദപരിശോധന നടത്തും

single-img
9 November 2022

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ ശബ്ദപരിശോധന നടത്തുന്നതിനുള്ള നടപടികളുമായി അന്വേഷണസംഘം.

ഗ്രീഷ്മയും ഷാരോണിന്‍റെ സഹോദരനും തമ്മിലുള്ള സംഭാഷണം, ഗ്രീഷ്മ ഷാരോണിന് വാട്സ്ആപ് അയച്ച ശബ്ദ സന്ദേശങ്ങള്‍ എന്നിവയെല്ലാം പരിശോധന വിധേയമാക്കും. ആകാശവാണിയില്‍ എത്തിച്ചാകും ശബ്ദപരിശോധന നടത്തുക.

ഗ്രീഷ്മയെ ചൊവ്വാഴ്ച തമിഴ്നാട്ടിലെ മാര്‍ത്താണ്ഡം, തൃപ്പരപ്പ് എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവെച്ചു. ഇന്ന് ശബ്ദപരിശോധന ഉള്‍പ്പെടെ നടപടികള്‍ പൂര്‍ത്തിയാക്കി തമിഴ്നാട്ടില്‍ തെളിവെടുപ്പിനെത്തിക്കാനാണ് നീക്കം. ഗ്രീഷ്മയുടെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കും. അതിനുമുമ്ബ് പരമാവധി തെളിവുശേഖരണം പൂര്‍ത്തിയാക്കും.

കേസ് തമിഴ്നാട് പൊലീസിന് കൈമാറണമെന്ന അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശം വന്നത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കുമെന്നതാണ് നിര്‍ണായകം.

അന്വേഷണം കൈമാറരുതെന്നാവശ്യപ്പെട്ട് ഷാരോണിന്‍റെ കുടുംബം നേരത്തേ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ വീണ്ടും മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ഷാരോണിന്‍റെ പിതാവ് ജയരാജ് പറഞ്ഞു.