പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം പാര്‍ട്ടിയെ അറിയിക്കാതെ; എംവി ഗോവിന്ദന്‍


തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം എടുത്തത് പാര്‍ട്ടിയെ അറിയിക്കാതെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ ഇത്തരമൊരു ഉത്തരവ് ഇറങ്ങിയത് എങ്ങനെയെന്നു പരിശോധിക്കുമെന്ന് പറഞ്ഞു.
പാര്‍ട്ടിയില്‍ ഇതു സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐയും എസ്‌എഫ്‌ഐയുമെല്ലാം തീരുമാനത്തിനെതിരെ രംഗത്തുവന്നത്. അവരുടെ എതിര്‍പ്പ് തെറ്റെന്നു പറയാനാവില്ല- ഗോവിന്ദന്‍ പറഞ്ഞു.
ഒരു ടെസ്റ്റ് ഡോസ് എന്ന നിലയിലാണോ സര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നു തനിക്കറിയില്ലെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു. പാര്‍ട്ടിയുമായി ആലോചിക്കാതെ ഇറക്കിയ ഉത്തരവ് ആയതുകൊണ്ടുതന്നെയാണ് അതു പിന്‍വലിക്കേണ്ടി വന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തേണ്ടതില്ലെന്നു തന്നെയാണ് പാര്‍ട്ടി നിലപാടെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആയി ഏകീകരിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ധനവകുപ്പ് ഉത്തരവ് ഇറക്കിയത്. കടുത്ത എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ തീരുമാനം മരവിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.