രാഹുൽ ഗാന്ധിയുടെ ഹർജി; വാദം കേൾക്കുന്നതിൽനിന്ന് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി പിൻമാറി
മോദി കുടുംബ പരാമർശത്തിലെ മാനനഷ്ടക്കേസിൽ തനിക്കെതിരായ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുന്നതിൽനിന്ന് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി പിൻമാറി. രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ പി.എസ് ചമ്പനേരി ജസ്റ്റിസ് ഗീതാ ഗോപിയുടെ ബെഞ്ചിൽ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡർ അതിനെ എതിർത്തു. ഇതൊരു സ്വകാര്യ പരാതിയാണെന്നും സർക്കാരിന് അതിൽ ഇടപെടേണ്ട കാര്യമില്ലെന്നും ചമ്പനേരി കോടതിയെ അറിയിച്ചു. കുറച്ചുസമയത്തെ വാദത്തിന് ശേഷം താൻ വാദം കേൾക്കുന്നതിൽനിന്ന് പിൻമാറുകയാണെന്ന് ജസ്റ്റിസ് ഗീതാ ഗോപി അറിയിക്കുകയായിരുന്നു.
പിന്നാലെ കേസ് മറ്റേതെങ്കിലും ബെഞ്ചിന് കൈമാറാൻ ചീഫ് ജസ്റ്റിസിനോട് അഭ്യർഥിച്ചുകൊണ്ട് അവർ ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത് നൽകി. എല്ലാ കള്ളൻമാർക്കും എങ്ങനെയാണ് മോദിയെന്ന പേര് വന്നതെന്ന പരാമർശത്തിനെതിരെ ബി.ജെ.പി എം.എൽ.എ ആയ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.