ഗുജറാത്ത് കലാപക്കേസിൽ ടീസ്റ്റ സെതൽവാദിനും മറ്റുള്ളവർക്കുമെതിരെ പോലീസിന്റെ കുറ്റപത്രം


2002ലെ ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിനും മറ്റ് രണ്ട് പേർക്കുമെതിരെ പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച കുറ്റപത്രം സമർപ്പിച്ചു. റിട്ടയേർഡ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആർ ബി ശ്രീകുമാർ, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് എന്നിവരുൾപ്പെടെയുള്ള മൂവരും വ്യാജ വിവരങ്ങൾ ചമച്ച് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
എസ്ഐടി കുറ്റപത്രം അനുസരിച്ച്, ഐപിസിയുടെ മറ്റ് വ്യവസ്ഥകൾക്കൊപ്പം പ്രതികൾക്കെതിരെ സെക്ഷൻ 468 (വഞ്ചനയ്‌ക്കായി വ്യാജരേഖ ചമയ്ക്കൽ), 194 (വധശിക്ഷ ലഭിക്കുന്നതിന് വേണ്ടിയുള്ള തെറ്റായ തെളിവ് നൽകൽ അല്ലെങ്കിൽ കെട്ടിച്ചമയ്ക്കൽ), 218 (പൊതുസേവകൻ തെറ്റായ രേഖകൾ ഉണ്ടാക്കുക അല്ലെങ്കിൽ വ്യക്തിയെ ശിക്ഷയിൽ നിന്ന് രക്ഷിക്കാനുള്ള ഉദ്ദേശ്യത്തോടെ എഴുതുക ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ജൂൺ അവസാനവാരം അറസ്റ്റിലായ സെതൽവാദ് സെപ്തംബർ രണ്ടിലെ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. എന്നാൽ മറ്റ് രണ്ട് പ്രതികൾ ഇപ്പോഴും ജയിലിൽ കഴിയുകയാണ്.