ഗ്യാന്‍വാപി മസ്ജിദ് കേസ്: ഹർജി നിലനിൽക്കും; അടുത്ത വാദം സെപ്തംബർ 22 ന്
ഗ്യാന്‍വാപി മസ്ജിദ് കേസില്‍ ഹർജികൾ നിലനിൽക്കുമെന്ന് വാരാണസി ജില്ലാ കോടതി. ഹിന്ദുക്കൾക്ക് ആരാധന അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു 5 ഹിന്ദു സ്ത്രീകൾ നൽകിയ ഹർജികൾ നിലനിൽക്കില്ല എന്ന് കാണിച്ചു പള്ളിക്കമ്മറ്റി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് വാരാണസി ജില്ലാ കോടതി വിധി പ്രസ്താവിച്ചത്.സെപ്തംബർ 22 ന് കോടതി അടുത്ത വാദം കേൾക്കും.
വസ്തു വഖഫ് ബോര്‍ഡിന്റേതാണെന്നും കോടതിയില്‍ വാദം കേള്‍ക്കാനാകില്ലെന്നുമാണ് ഇതുവരെ പള്ളി കമ്മിറ്റി വാദിച്ചത്. പള്ളിയുമായി ബന്ധപ്പെട്ട ഏത് വിഷയവും കേള്‍ക്കാന്‍ വഖഫ് ബോര്‍ഡിന് മാത്രമേ അവകാശമുള്ളൂയെന്നും അവര്‍ വാദിച്ചു. എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.
ഗ്യാന്‍വാപി മസ്ജിദിന്റെ പുറം ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ഹിന്ദു ദേവത വിഗ്രഹങ്ങള്‍ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ഡല്‍ഹിയിലെ അഞ്ച് സ്ത്രീകള്‍ ആണ് ഹർജി സമർപ്പിച്ചത്. 16-ാം നൂറ്റാണ്ടില്‍ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ത്ത് മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ഉത്തരവനുസരിച്ചാണ് ജ്ഞാനവാപി മസ്ജിദ് നിര്‍മ്മിച്ചതെന്ന് 1991-ല്‍ വാരണാസി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.