നിഖിലിനായി സിപിഎം നേതാവ് ശുപാർശ ചെയ്തിരുന്നു; നിഖിൽ തോമസിന്റെ വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി എംഎസ്എം കോളേജ് മാനേജർ ഹിലാൽ ബാബു

single-img
20 June 2023

ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി എംഎസ്എം കോളേജ് മാനേജർ ഹിലാൽ ബാബു. നിഖിലിനായി സിപിഎം നേതാവ് ശുപാർശ ചെയ്തിരുന്നു. അയാളുടെ പേര് വെളിപ്പെടുത്താൻ തയ്യാറല്ല.  പേര് പറയാത്തത് അയാളുടെ രാഷ്ട്രീയ ഭാവി പോകും എന്നതിനാലാണെന്നും ഹിലാൽ ബാബു വിശദമാക്കി. നിഖിലിന് എതിരെ കോളേജ് മാനേജ്മെന്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

വ്യാജ ഡി​ഗ്രിയിൽ നടപടികളുമായി മുന്നോട്ട് പോകുകയാണ് കോളേജും സർവ്വകലാശാലയും. കേരള സർവ്വകലാശാല കലിം​ഗ സർവ്വകലാശാലക്ക് മെയിൽ അയച്ചിട്ടുണ്ട്. നിഖിൽ ഹാജരാക്കിയ മുഴുവൻ രേഖകളുടെ പകർപ്പും കൈമാറി. നിജസ്ഥിതി അറിയിക്കണമെന്ന് കേരള സർവ്വകലാശാല അറിയിച്ചു. 

നിഖിൽ തോമസിനെതിരെ പരാതി നൽകാൻ നടപടി തുടങ്ങിയിരിക്കുകയാണ് കലിംഗ സർവകലാശാല. നിഖിലിൻ്റെ വിലാസം അടക്കം രേഖകൾ സർവകലാശാല ലീഗൽ സെൽ ശേഖരിക്കുന്നു. കേരളത്തിൽ നേരിട്ടോ അല്ലാതെയോ പഠന കേന്ദ്രം ഇല്ലെന്നും സർവകലാശാല വ്യക്തമാക്കി. നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ഇന്നലെ കലിം​ഗ സർവ്വകലാശാല രം​ഗത്ത് വന്നിരുന്നു. നിഖിൽ തോമസ് എന്നൊരു വിദ്യാർത്ഥി അവിടെ പഠിച്ചിട്ടില്ലെന്നായിരുന്നു കലിം​ഗ സർവ്വകാലാശാലയുടെ വെളിപ്പെടുത്തൽ.  

നിഖിൽ തോമസ് പാർട്ടിയോട് നടത്തിയത് കൊടും ചതിയെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ പറഞ്ഞു. നിഖിലിനെതിരെ അന്വേഷണം ഉണ്ടാകുമെന്നും പി അരവിന്ദാക്ഷൻ പറഞ്ഞു. നിഖിലിനെ ബോധപൂർവ്വം പാർട്ടിക്കാർ സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടി ഉണ്ടാകും. നിഖിൽ പാർട്ടി അം​ഗമാണെന്നും വിഷയം ജില്ല കമ്മിറ്റി ചർച്ച ചെയ്യുമെന്നും അരവിന്ദാക്ഷൻ വ്യക്തമാക്കി.