ഹിജാബ് ഉപയോഗിച്ച് മുടി മറയ്ക്കണം; ഇറാനിൽ വസ്ത്രധാരണ ചട്ടം ലംഘിക്കുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും കഠിന തടവും പിഴയും

single-img
21 September 2023

ശക്തമായ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ സ്ഫുരണങ്ങൾ അവസാനിക്കും മുൻപേ കർശന വസ്ത്രധാരണ ചട്ടം ലംഘിക്കുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും കഠിന തടവും പിഴയും ശിക്ഷ വിധിക്കുന്ന വിവാദ ബിൽ പാസാക്കി ഇറാൻ പാർലമെന്റ്. ‘ഉചിതമല്ലാത്ത’ വസ്ത്രം ധരിക്കുന്നവർക്ക് 10 വർഷം വരെ തടവുശിക്ഷ വിധിക്കുന്നതാണ് ഇറാന്‍ പാര്‍ലമെന്റ് പാസാക്കിയ ബില്ല്.

ഇതോടൊപ്പം വിചാരണ മൂന്ന് വർഷം വരെ നീളാമെന്നും ബില്ലിലുണ്ട്. ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇറാനിയൻ നിയമപ്രകാരം, പ്രായപൂർത്തിയായ സ്ത്രീകളും പെൺകുട്ടികളും ഹിജാബ് ഉപയോഗിച്ച് മുടി മറയ്ക്കുകയും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും വേണം.

ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മത പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട് ഒരു വർഷത്തിനുശേഷമാണ് ഭരണകൂടത്തിന്റെ ഈ നീക്കം. നിയമപ്രകാരമല്ലാത്ത വസ്ത്രം പൊതുസ്ഥലങ്ങളിൽ ധരിക്കുന്നവർക്ക് പീനൽ കോഡ് അനുസരിച്ച് അഞ്ച് മുതൽ 10 വർഷം വരെ തടവും 180 ദശലക്ഷം മുതൽ 360 ദശലക്ഷം റിയാൽ വരെ പിഴയും ശിക്ഷയും ലഭിക്കുമെന്ന് പുതിയ ‘ഹിജാബ്, സദാചാര’ ബില്ലില്‍ പറയുന്നു. നിലവില്‍ നിയമം അനുസരിക്കാത്തവർക്ക് 10 ദിവസം മുതല്‍ രണ്ട് മാസം വരെ തടവോ 5,000 മുതല്‍ 500,000 റിയാല്‍ വരെ പിഴയോ ലഭിക്കും.

സോഷ്യൽ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും നഗ്നത പ്രോത്സാഹിപ്പിക്കുന്നവർക്കും ഹിജാബിനെ പരിഹസിക്കുന്നവർക്കും ശിക്ഷ ബാധകമാണെന്ന് ബില്ലിൽ പറയുന്നു. വനിതാ ഡ്രൈവർമാരുള്ള വാഹനങ്ങളിൽ അവരോ മറ്റ് യാത്രക്കാരോ ഉചിതമായ വസ്ത്രം ധരിച്ചില്ലെങ്കിൽ, വാഹനങ്ങളുടെ ഉടമകൾക്ക് പിഴ ചുമത്താമെന്നും ബിൽ നിർദേശിക്കുന്നതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.