ദക്ഷിണകൊറിയയിലെ ഹാലോവീൻ ദുരന്തം: 120 ലേറെ പേർ മരിച്ചു

single-img
30 October 2022

ഹാലോവീൻ ആഘോഷത്തിനിടെ, ദക്ഷിണ കൊറിയയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 120 കടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല 100 പേർക്ക് പരിക്ക് പറ്റിയതായും റിപ്പോർട്ടുകൾ ഉണ്ട്. യാംഗ്‌സാൻ ഗു ജില്ലയിലെ ഇറ്റേവോൺ നഗരത്തിലായിരുന്നു ദുരന്തം സംഭവിച്ചത്.

സോളിലെ പ്രധാന പാർട്ടി കേന്ദ്രമായ ഹാമിൽട്ടൺ ഹോട്ടലിന് അടുത്ത് ഇടുങ്ങിയ തെരുവിൽ ഒരുവലിയ ആൾക്കൂട്ടം പെട്ടെന്ന് തള്ളി മുന്നോട്ടുനീങ്ങിയതോടെയാണ് അപകടം ഉണ്ടായതു എന്നാണു പോലീസ് പറയുന്നത്. വീഡിയോയിൽ, തെരുവുകളിൽ മറ്റുള്ളവരുടെ അടിയിൽ കുടുങ്ങിയ ആളുകളെ രക്ഷാപ്രവർത്തകർ വലിച്ച് പുറത്തേക്കെത്തിക്കാൻ ശ്രമിക്കുന്നത് കാണാം. നിരവധി പേർക്ക് രക്ഷാപ്രവർത്തകർ അടിയന്തരശുശ്രൂഷ നൽകുന്നതും വീഡിയോകളിലുണ്ട്. തിക്കും തിരക്കും ഉണ്ടാവാനിടയായ കാരണം ഇൻിയും കണ്ടെത്തിയിട്ടില്ല.

400 ലേറെ രക്ഷാപ്രവർത്തകരെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. ആളുകളെ ചികിത്സിക്കാൻ, 140 ആംബുലൻസുകളും സ്ഥലത്തെത്തി. ഇറ്റെവോണിലെ തെരുവിൽ ഒരു സെലിബ്രിറ്റി എത്തുന്നത് അറിഞ്ഞ് ഒരുകൂട്ടം ആളുകൾ അങ്ങോട്ടേക്ക് കുതിച്ചതാണ് ദുരന്തത്തിന് കാരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. തിരക്കിൽ നിന്ന് രക്ഷപ്പെടാൻ, പലരും സമീപത്തെ മതിലുകളിൽ വലിഞ്ഞുകയറുന്നത് കാണാമായിരുന്നു.

കൊവിഡ് കാലത്തിനുശേഷമുള്ള ആദ്യ ഹാലോവീൻ ആഘോഷത്തിൽ പങ്കെടുക്കാൻ പതിനായിരത്തോളം പേർ എത്തിയിരുന്നതായാണ് റിപ്പോർട്ട്. ഇറ്റാവോൺ പ്രദേശത്ത് തിരക്ക് കൂടുതലാണെന്നും സുരക്ഷിതമല്ലെന്ന് തോന്നുന്നെന്നുമുള്ള തരത്തിൽ വൈകുന്നേരം സോഷ്യൽ മീഡിയ പോസ്റ്റുകൾ പുറത്തുവന്നിരുന്നു. ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സൂക് അടിയന്തര യോഗം വിളിച്ചുകൂട്ടി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. പരിക്കേറ്റവർക്ക് ചികിത്സ നൽകാനും, ആശുപത്രികളിൽ കിടക്ക സജ്ജമാക്കാനും നിർദ്ദേശിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സുരക്ഷ പുനഃപരിശോധിക്കാൻ യൂൺ സൂക് ഇയോൾ ഉത്തരവിട്ടിട്ടുണ്ട്.