സിപിഎം ചിഹ്നമായ അരിവാൾ, ചുറ്റിക എന്നിവ മൻഷ്യന്റെ തലയറത്തും തലയ്ക്കടിച്ചും കൊല്ലുന്ന മാരകായുധങ്ങൾ: ചെറിയാൻ ഫിലിപ്പ്


സിപിഎമ്മിന്റെ ചിഹ്നമായ അരിവാൾ, ചുറ്റിക എന്നിവ മൻഷ്യന്റെ തലയറത്തും തലയ്ക്കടിച്ചും കൊല്ലുന്ന മാരകായുധങ്ങളായാണ് പുതിയ തലമുറ കാണുന്നതെന്ന് ചെറിയാൻ ഫിലിപ്പ്. ഇവയെല്ലാം വ്യവസായ തൊഴിലാളിയുടെയും മുഖ്യ പണിയായുധമായിരുന്ന കാലം ഏറെക്കുറേ അസ്തമിച്ചെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കേരളത്തിന് പുറത്ത് ചുവപ്പ് കൊടി കാണുന്നത് അപകടത്തിലായ റോഡിന്റെയോ പാലത്തിന്റെയോ സമീപം തലയോട്ടി ചിത്രമുള്ള ബോർഡിനോടൊപ്പം മാത്രമാണെന്നും ചെറിയാൻ ഫിലിപ്പ് കുറിച്ചു.
ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:
അരിവാൾ, ചുറ്റിക മാരകായുധങ്ങൾ: ചെറിയാൻ ഫിലിപ്പ്
സി.പി.എം ചിഹ്നമായ അരിവാൾ, ചുറ്റിക എന്നിവ മൻഷ്യന്റെ തലയറത്തും തലയ്ക്കടിച്ചും കൊല്ലുന്ന മാരകായുധങ്ങളായാണ് പുതിയ തലമുറ കാണുന്നത്.
അരിവാൾ കർഷക തൊഴിലാളിയുടെയും ചുറ്റിക വ്യവസായ തൊഴിലാളിയുടെയും മുഖ്യ പണിയായുധമായിരുന്ന കാലം ഏറെക്കുറേ അസ്തമിച്ചു. കേരളത്തിന് പുറത്ത് ചുവപ്പ് കൊടി കാണുന്നത് അപകടത്തിലായ റോഡിന്റെയോ പാലത്തിന്റെയോ സമീപം തലയോട്ടി ചിത്രമുള്ള ബോർഡിനോടൊപ്പം മാത്രമാണ്.
ദേശീയ കക്ഷി പദവി നഷ്ടപ്പെടുമ്പോൾ കാലഹരണപ്പെട്ട ചിഹ്നവും കൊടിയും നഷ്ടപ്പെടുന്നതിൽ സി.പി.എം നേതാക്കൾ ആശങ്കപ്പെടേണ്ട കാര്യമില്ല.
നുകംവെച്ച കാള, പശുവും കിടാവും എന്നീ ചിഹ്നങ്ങൾക്കു പകരമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മനുഷ്യന്റെ കർമ്മത്തിന്റെ പ്രതീകമായ കൈപ്പത്തി ചിഹ്നമായി തെരഞ്ഞെടുത്തത്. എ.കെ.ബാലൻ പറഞ്ഞതു പോലെ ഈനാംപേച്ചിയോ മരപ്പട്ടിയോ ചിഹ്നമായി സി.പി.എം ന് തെരഞ്ഞെടുക്കാം.