രാജ്യത്തെ ഒന്നിപ്പിക്കാനായി പുതിയ തലമുറക്ക് നേതൃത്വം കൈമാറുന്നു: ജോ ബൈഡൻ
രാജ്യത്തെ ഒന്നിപ്പിക്കാൻ വേണ്ടി പുതിയ തലമുറക്ക് നേതൃത്വം കൈമാറുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഉടൻ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയ ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ബൈഡന്റെ പരാമർശം.
ഈ വര്ഷം നവംബർ 5-ന് നടക്കാനിരിക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്ന് താൻ പിന്മാറിയതിൻ്റെ കാരണം വിശദീകരിച്ചുകൊണ്ടാണ് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ വൈറ്റ് ഹൗസിൻ്റെ ഓവൽ ഓഫീസിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തത്. അമേരിക്ക ഇപ്പോൾ ഒരു സുപ്രധാന വഴിത്തിരിവിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“അമേരിക്ക ഇപ്പോൾ ഒരു സുപ്രധാന വഴിത്തിരിവിലാണ്. പുതിയ തലമുറയ്ക്ക് ദീപം കൈമാറാനുള്ള സമയമാണിത്. നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം അതാണ്,” ബൈഡൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം കോവിഡ് ഭേദപ്പെട്ട് തിരിച്ചെത്തിയത്.
അതേസമയം, പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ നിന്ന് പിന്മാറാനുള്ള തന്റെ ഈ തീരുമാനം ജനാധിപത്യത്തെ സംരക്ഷിക്കാനാണെന്നും പ്രസംഗത്തിനിടെ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. “ഞാൻ ഈ ഓഫീസിനെ ബഹുമാനിക്കുന്നു, പക്ഷേ ഞാൻ എൻ്റെ രാജ്യത്തെ കൂടുതൽ സ്നേഹിക്കുന്നു. നിങ്ങളുടെ പ്രസിഡൻ്റായി പ്രവർത്തിക്കുന്നത് എൻ്റെ ജീവിതത്തിലെ ബഹുമതിയാണ്. എന്നാൽ ജനാധിപത്യത്തെ സംരക്ഷിക്കുന്നത്, അത് ഏത് പദവിയേക്കാളും പ്രധാനമാണ്,” അദ്ദേഹം പറഞ്ഞു.