പൊലീസ് ഉപദ്രവിച്ചു; വസ്ത്രങ്ങൾ വലിച്ചു കീറി; ഡൽഹി പൊലീസിനെതിരെ ആനി രാജ

single-img
9 August 2024

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പലസ്തീൻ ഐക്യദാര്‍ഢ്യ പരിപാടിക്കിടെ നടന്ന അറസ്റ്റ് നടപടിയിൽ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് ആനി രാജ.

താൻ കഴിഞ്ഞ 35 വര്‍ഷം ഡൽഹിയിൽ പ്രതിഷേധ സമരങ്ങള്‍ നടത്തിയിട്ട് ഇങ്ങിനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. ആദ്യമായാണ് പൊലീസിന്‍റെ ഭാഗത്തുനിന്ന് ഇത്തരമൊരു അസാധാരണ നടപടിയുണ്ടാകുന്നത്. പലസ്തീൻ എന്ന പേരുകേള്‍ക്കുമ്പോള്‍ ഹാലിളകുന്ന മോദി സര്‍ക്കാര്‍ ഇസ്രായേലിനെ പ്രീതിപ്പെടുത്താൻ പൊലീസ് സഹായത്തോടെ പ്രവര്‍ത്തകരെ ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ആനി രാജ ആരോപിച്ചു.

പൊലീസ് തന്നെയും മറ്റുള്ള പ്രവർത്തകരെയും ഉപദ്രവിച്ചുവെന്നും തന്‍റെ വസ്ത്രങ്ങൾ വലിച്ചു കീറിയെന്നും ഉച്ചയൂണ് പോലും നൽകാതെ കസ്റ്റഡിയിൽ വെച്ചുവെന്നും ആനി രാജ ആരോപിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. പലസ്തീൻ ഐക്യദാർഢ്യം പരിപാടിയില്‍ പങ്കെടുത്ത സിപിഐ നേതാവ് ആനി രാജയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.