ഹരിയാന തെരഞ്ഞെടുപ്പ് ; ഫലം മരവിപ്പിച്ച് പരിശോധിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാൻ കോൺഗ്രസ് നീക്കം

single-img
9 October 2024

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുപതോളം മണ്ഡലങ്ങളിൽ ഇവിഎം ക്രമക്കേടുണ്ടായതായി കാണിച്ച് കോൺഗ്രസ് തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പരാതിപ്പെട്ട സീറ്റുകളിലെ ഫലം മരവിപ്പിച്ച് പരിശോധിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് നീക്കം. സംസ്ഥാനത്തേക്ക് വോട്ടെടുപ്പിനായി കൊണ്ടു വന്ന പല ഇവിഎമ്മുകളിലും 99 ശതമാനം ബാറ്ററി ചാർജ് കാണിച്ചു എന്ന പരാതിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ പറഞ്ഞത് .

വോട്ടെടുപ്പ് കഴിഞ്ഞ മെഷീനുകളിൽ എങ്ങിനെയാണ് 99 ശതമാനം ചാർജ്ജ് കാണിക്കും എന്നാണ് കോൺഗ്രസ് ഉയർത്തിയ ചോദ്യം. ധാരാളം സീറ്റുകളിൽ ഇത്രയും ചാർജ്ജ് കാണിച്ച മെഷീനുകളിൽ വോട്ട് ബിജെപിക്ക് പോയതായും കെസി വേണുഗോപാലിൻറെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

അതേസമയം, പരാജയത്തിന് കോൺഗ്രസ് ഇവിഎമ്മിനെ പഴിക്കുന്നതിൽ പുതുമയില്ലെന്നാണ് ബിജെപി പ്രതികരിച്ചത്. കോൺഗ്രസ് ഉയർത്തിയ വാദത്തോട് പ്രതിപക്ഷ ഇന്ത്യ സഖ്യ കക്ഷികളും അകലം പാലിക്കുകയാണ്. കോൺഗ്രസിൻറെ ധാർഷ്ട്യവും മറ്റു കക്ഷികളെ അംഗീകരിക്കാത്ത നയവും തിരിച്ചടിയായെന്ന് തൃണമൂൽ കോൺഗ്രസ് പറയുന്നു.