സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരമുള്ള വിവാഹം സാധുവാകുന്നതിന് 30 ദിവസം നോട്ടീസ് കാലയളവ് പൂര്‍ത്തിയാക്കണമെന്ന ചട്ടത്തിൽ മാറ്റം ആവിശ്യമെന്നു ഹൈക്കോടതി
തിരുവനന്തപുരം : സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരമുള്ള വിവാഹം സാധുവാകുന്നതിന് 30 ദിവസം നോട്ടീസ് കാലയളവ് പൂര്‍ത്തിയാക്കണമെന്ന ചട്ടത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണെന്ന് ഹൈക്കോടതി.സാമൂഹിക സ്ഥിതിയിലടക്കം മാറ്റം വന്ന സാഹചര്യത്തില്‍ ഇത്തരം ചട്ടങ്ങള്‍ക്കും കാലാനുസൃത മാറ്റം അനിവാര്യമല്ലെയെന്നും കോടതി നിരീക്ഷണം.
സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ നോട്ടീസ് കാലയളവ് ചോദ്യം ചെയ്ത് എറണാകുളം സ്വദേശികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ അടക്കമുള്ളവരില്‍ നിന്ന് വിശദീകരണം തേടിയ ശേഷം ആയിരുന്നു കോടതി നിരീക്ഷണം.നിലവില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ ചട്ടം 5 പ്രകാരം വിവാഹം സാധുവാകുന്നതിന് 30 ദിവസം നോട്ടീസ് കാലയളവ് പൂര്‍ത്തീകരിക്കണം. വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന സ്ഥലപരിധിയില്‍ 30 ദിവസമായി താമസിക്കുന്നവരാകണം വധു വരന്മാര്‍ എന്നും നിയമം അനുശാസിക്കുന്നു. ഈ ചട്ടങ്ങളില്‍ മാറ്റം വരണമെന്നാണ് ഹൈക്കോടതിയുടെ നിലപാട്.
ആചാരങ്ങളിലും മറ്റും കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടായ സ്ഥിതിക്ക് വിവാഹം സാധുവാകുന്നതിന് ഇത്രയധികം കാലദൈര്‍ഘ്യം പുനര്‍ ചിന്തിക്കപ്പെടേണ്ടതാണെന് ജസ്റ്റിസ് വി.ജി. അരുണ്‍ പറഞ്ഞു. യുവാക്കളില്‍ നല്ലൊരു ശതമാനം വിദേശത്തായിരിക്കെ നാട്ടിലെത്തുന്ന ചെറിയ കാലയളവില്‍ തന്നെ വിവാഹമുള്‍പ്പെടെ നടത്തേണ്ടി വരുന്ന സാഹചര്യവും കോടതി ചൂണ്ടിക്കാട്ടി. അതെ സമയം അങ്കമാലി സ്വദേശി ആയ ഹര്‍ജിക്കാരുടെ ആവശ്യം കോടതി നിരസിച്ചു. സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ ചട്ടം 5 നടപ്പാക്കുന്നതില്‍ ഡിവിഷന്‍ ബെഞ്ചു നിര്‍ദ്ദേശം പരിഗണിക്കാതിരിക്കാന്‍ ആകില്ലെന്നു വ്യക്‌ജാക്കിയാണ് നടപടി.
വിവാഹം സംബന്ധിച്ച എതിര്‍പ്പുകള്‍ അറിയിക്കാനുള്ള കാലയളവാണ് 30 ദിവസം എന്ന് ഡെപ്യൂട്ടി സോളിസീറ്റര്‍ ജനറലും കോടതിയെ അറിയിച്ചു.ഹര്‍ജി ഹൈക്കോടതി ഒരു മാസത്തിനു ശേഷം വീണ്ടും പരിഗണിക്കും