കറണ്ട് കട്ടുചെയ്യാനായി എത്തി; നിർദ്ധന കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞപ്പോൾ ബില്ലടച്ചു മാതൃകയായി ലൈൻമാൻ
ഇലക്ട്രിസിറ്റി ബിൽ അടക്കാത്തതിനാൽ കറണ്ട് കട്ടുചെയ്യാനാണ് ചവറ മടപ്പള്ളി അമ്പാട്ടി ജംങ്ഷന് സമീപമുള്ള വീട്ടിലേക്ക് ലൈൻമാൻ റനീസ് എത്തിയത്. എന്നാൽ, ഈ വീട്ടിൽ താമസിച്ചിരുന്ന പരേതനായ പെരുമുറ്റത്തേഴത് പടിഞ്ഞാറ്റേതിൽ ശിവൻകുട്ടിയുടെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞപ്പോൾ ഒരുവര്ഷത്തേക്കുള്ള കറണ്ട് ചാർജ്ജ് ചവറ സെക്ഷൻ ഓഫീസിലെ ലൈന്മാനായ റനീസ് സ്വന്തം കയ്യിൽ നിന്നും ഓഫീസിൽ അടയ്ക്കുകയായിരുന്നു.
ശിവൻകുട്ടിയുടെ മരണത്തിനു പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയും മരിച്ച സാഹചര്യത്തിൽ പ്ലസ് വൺ വിദ്യാർത്ഥിനിയായ മൂത്ത മകളുടെയും ഏഴാം ക്ലാസുകാരനായ ഇളയ മകന്റെയും ഏക ആശ്രയം അച്ഛന്റെ അനുജനായിരുന്നു. എന്നാൽ, തട്ടിപ്പണിക്കാരനായ ഇദ്ദേഹം മാസങ്ങൾക്ക് മുൻപ് തെറ്റിനു മുകളിൽ നിന്നും വീണ് ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിൽ എത്തി. ഇതാണ് വീട്ടിലെ കറണ്ട് ബിൽ ഉൾപ്പെടെ മുടങ്ങുന്നതിന് കാരണമായത്.
കാര്യങ്ങളെല്ലാം കുട്ടികളിൽ നിന്നും അറിഞ്ഞപ്പോൾ റനീസ് ഒരുവർഷത്തെ ബിൽ അടയ്ക്കാനുള്ള മനസ് കാണിക്കുകയായിരുന്നു. പൻമന വടക്കുംതല ചുമടുതാങ്ങി ജംഗ്‌ഷന് സമീപം കൊച്ചുമുക്കട്ട കിഴക്കതിൽ അബ്ദുൾ സമദിന്റെ മകനാണ് റനീസ്.