കുടുംബ കലഹം പരിഹരിക്കാന്‍ സ്റ്റേഷനിലെത്തിയ യുവതിയുമായി കറങ്ങി; എസ്‌ഐക്ക് സസ്പെന്‍ഷന്‍

single-img
3 November 2022

കോഴിക്കോട്; കുടുംബ കലഹം പരിഹരിക്കാന്‍ സ്റ്റേഷനിലെത്തിയ യുവതിയുമായി കറങ്ങിയ എസ്‌ഐക്ക് സസ്പെന്‍ഷന്‍.

കുടുംബ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് നടപടി. കല്‍പറ്റ എസ്‌ഐ അബ്ദുല്‍ സമദിനെയാണ് അച്ചടക്ക ലംഘനത്തിനും സ്വഭാവ ദൂഷ്യത്തിനും ഡിഐജി രാഹുല്‍ ആര്‍.നായര്‍ സസ്പെന്‍ഡ് ചെയ്തത്. വകുപ്പു തല അന്വേഷണത്തിനും ഉത്തരവിട്ടു.

കുടുംബ കലഹം പരിഹരിക്കാനായാണ് പരാതിക്കാരന്റെ ഭാര്യ പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. ആ സമയത്ത് എടച്ചേരി എസ്‌ഐ ആയിരുന്നു അബ്ദുല്‍ സമദ്. തുടര്‍ന്ന് യുവതിയെ പ്രലോഭിപ്പിച്ച്‌ പല സ്ഥലങ്ങളിലും കൊണ്ടു പോയതായും ചിത്രങ്ങള്‍ പകര്‍ത്തി വീടു വിട്ട് ഇറങ്ങാന്‍ പ്രേരിപ്പിച്ചതായും ഭര്‍ത്താവ് ആരോപണം ഉന്നയിച്ചിരുന്നു.

ഇരുവരുടെയും ബന്ധം ചോദ്യം ചെയ്തതിന് ദേഹോപദ്രവം ഏല്‍പിച്ചെന്ന് കാട്ടി റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണ വിധേയമായി അബ്ദുല്‍ സമദിനെ കല്‍പറ്റയിലേക്ക് സ്ഥലം മാറ്റി. അതിന് ശേഷവും ഭീഷണി തുടരുന്നുവെന്ന് കാട്ടി യുവതിയുടെ ഭര്‍ത്താവും മക്കളും കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് പരാതി നല്‍കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണത്തെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. യുവതിയുടെ മക്കള്‍ ബാലാവകാശ കമ്മിഷനും പരാതി നല്‍കിയിരുന്നു.