മരുമകളുടെ ക്രൂര മര്‍ദനത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടു; മരുമകൾക്കെതിരെ വധ ശ്രമത്തിന്‌ കേസ്

single-img
21 October 2022

തൃപ്പൂണിത്തുറ: മരുമകളുടെ ക്രൂര മര്‍ദനത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ട നിലയില്‍ വയോധിക ആശുപത്രിയില്‍.

തൃശ്ശൂര്‍ പട്ടിക്കാട് തറമുകളില്‍ പരേതനായ വിജയന്‍ പിള്ളയുടെ ഭാര്യ നളിനി (67) ആണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നളിനിയുടെ ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്.

തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലാണ് നളിനിയെ പ്രവേശിപ്പിച്ചത്. കൊല്ലം പുന്തലത്താഴത്തുള്ള വീട്ടില്‍വെച്ച്‌ മകന്റെ ഭാര്യ അതിക്രൂരമായി മര്‍ദിച്ചിരുന്നതായാണ് നളിനി പറയുന്നത്. സംഭവത്തില്‍ തൃപ്പൂണിത്തുറ പോലീസ് കേസെടുത്ത് കൊല്ലം കൊട്ടിയം സ്റ്റേഷനിലേക്ക് കൈമാറി. വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.

മര്‍ദനമേറ്റ് നളിനിയുടെ ഇടതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന നളിനിയുടെ സഹോദരനാണ് കൊല്ലത്ത് നിന്ന്‌ ഇവരെ കൂട്ടിക്കൊണ്ടുവന്ന് ആശുപത്രിയിലാക്കിയത്. ഉപദ്രവിക്കരുതെന്ന് മകന്‍ പറഞ്ഞിട്ടും മരുമകള്‍ വകവെച്ചില്ല. തനിക്ക് പരാതിയൊന്നും ഇല്ലെന്നും ആരെയും ബുദ്ധിമുട്ടിക്കരുതെന്നാണ് ആഗ്രഹമെന്നും നളിനി പറയുന്നു.