പിഞ്ചു കുഞ്ഞിനെ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി; വീണ്ടും കുട്ടിയെ മർദിച്ചു പ്രതി പിടിയിൽ

single-img
4 January 2023

തിരുവനന്തപുരം: പിഞ്ചു കുഞ്ഞിനെ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും അതേ കേസില്‍ പിടിയില്‍.

ഒപ്പം താമസിക്കുന്ന വനിതാ സുഹൃത്തിന്റെ കുഞ്ഞിനെയാണ് പ്രതി മര്‍ദ്ദിച്ചത്. യുവതിയുടെ ആണ്‍ സുഹൃത്തായ അടിമലത്തുറ അമ്ബലത്തില്‍ മൂല സ്വദേശി റോയി (27)യെ ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.

മൂന്നര വയസുള്ള ആണ്‍ കുഞ്ഞിന്റെ മുഖത്ത് വടി കൊണ്ടു അടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ രണ്ട് മാസം മുന്‍പാണ് ഇതേ കേസില്‍ പ്രതി പിടിയിലായത്.

ഭാര്യയുമായി അകന്ന് കഴിയുന്ന യുവാവ് യുവതിക്കൊപ്പമാണ് താമസം. പുതുവത്സരാഘോഷത്തിനു പറയാതെ പോയത് ചോദ്യം ചെയ്ത് യുവതിയെ മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ഓടി രക്ഷപ്പെട്ടു. ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞ് ശബ്ദം കേട്ട് ഉണര്‍ന്നു കരഞ്ഞപ്പോള്‍ ആണ് പ്രതിയുടെ ആക്രമണം.

മുഖത്ത് സാരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. മാതാവിന്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷണ, അടിപിടി കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.