അപകീർത്തിപ്പെടുത്താൻ കെട്ടിച്ചമച്ച കഥകൾ പ്രസിദ്ധീകരിച്ചു; ‘ദ വയറി’നെതിരെ പരാതി നൽകി ബിജെപി ഐടി വിഭാഗം തലവൻ
സംഘ്പരിവാറിനെതിരെ ശബ്ദിക്കുന്ന രാജ്യത്തെ പ്രമുഖ ഓൺലൈൻ മാധ്യമമായ ‘ദ വയറി’നെതിരെ പരാതി നൽകി ബിജെപിയുടെ ഐടി വിഭാഗം മേധാവി അമിത് മാളവ്യ. ദ വയർ തങ്ങളുടെ പ്രശസ്തിയെ അപകീർത്തിപ്പെടുത്താനും കളങ്കപ്പെടുത്താനും ലക്ഷ്യമിട്ട് കെട്ടിച്ചമച്ച കഥകൾ പ്രസിദ്ധീകരിച്ചുവെന്നാണ് പരാതി.
വിഷയത്തിൽ അഭിഭാഷകരുമായി കൂടിയാലോചിക്കുകയും അവരുടെ ഉപദേശം തേടുകയും ചെയ്ത ശേഷമാണ് ദി വയറിനെതിരെ ക്രിമിനൽ, സിവിൽ നടപടികൾ ഫയൽ ചെയ്യാൻ തീരുമാനിച്ചത്. സോഷ്യൽ മീഡിയാ കമ്പനിയായ മെറ്റ അമിത് മാളവ്യ ആവശ്യപ്പെടുന്ന പോസ്റ്റുകൾ നീക്കം ചെയ്തു നൽകി എന്നായിരുന്നു ദ വയർ പ്രസിദ്ധീകരിച്ചിരുന്ന വാർത്ത.
ഈ റിപ്പോർട്ടിനെ സാധൂകരിക്കാൻ സ്ഥാപനം നൽകിയ രേഖകൾ കെട്ടിച്ചമച്ചതാണെന്ന് മെറ്റ വിശദീകരിച്ചിരുന്നു. രാജ്യമാകെ വാര്‍ത്ത വലിയ വിവാദമായതിന് പിന്നാലെ മെറ്റ ഈ അവകാശവാദം ശക്തമായി നിഷേധിക്കുകയും ദ വയറിന്റെ റിപ്പോർട്ട് തെറ്റാണെന്ന് വ്യക്തമാക്കുകയും ചെയ്തു. പിന്നാലെ മെറ്റയ്ക്ക് മറുപടിയായി ഒരു മെറ്റ ജീവനക്കാരന്‍റേതെന്ന് അവകാശപ്പെട്ട ഒരു ഇ മെയില്‍ സന്ദേശം ദി വയര്‍ പുറത്ത് വിട്ടിരുന്നു.