ടി വി പ്രശാന്തനെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കി ആരോഗ്യവകുപ്പ്
കണ്ണൂർ എഡിഎം ആയിരുന്ന കെ നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെ സസ്‌പെൻഡ് ചെയ്ത ആരോഗ്യവകുപ്പ്. പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനാണ് പ്രശാന്ത്. നിലവിൽ അവധിയിലായിരുന്ന പ്രശാന്തൻ ഇന്ന് ഡ്യൂട്ടിയിൽ പ്രവേശിച്ചപ്പോഴായിരുന്നു പെട്ടെന്നുള്ള നടപടി.
ജോലിയിൽനിന്നും പ്രശാന്തനെ പിരിച്ചുവിടുന്നതിനു മുന്നോടിയായാണ് ഇപ്പോഴുള്ള സസ്പെൻഷൻ. സംസ്ഥാന സർക്കാർ ജീവനക്കാരനായിരിക്കെ ഇയാൾ സ്വകാര്യ ബിസിനസ്സ് സംരംഭത്തിൽ ഏർപ്പെട്ടത് ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് വകുപ്പ് ഉത്തരവിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു.
2019ൽ കേരളാ സർക്കാർ പരിയാരം ആശുപത്രി ഏറ്റെടുക്കുന്ന ഘട്ടം മുതൽ സ്ഥിരപ്പെടുത്തുന്ന ജീവനക്കാരുടെ പട്ടികയിൽ ടിവി പ്രശാന്തൻ ഉൾപ്പെട്ടിരുന്നു. ആ സമയമായിരുന്നു എഡിഎമ്മുമായി ബന്ധപ്പെട്ട കേസ് ഉയർന്നു വന്നത്. ഈ മാസം പത്ത് മുതൽ ഇയാൾ ആശുപത്രിയിലെ സേവനത്തിൽ നിന്നും വിട്ടുനിന്നതായി കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാന അഡിഷണൽ ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് ടിവി പ്രശാന്തൻ അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതായി കണ്ടെത്തിയത്. മാത്രവുമല്ല കൈക്കൂലി നൽകിയെന്ന് പരസ്യമായി പ്രഖ്യാപിച്ചതും ഇയാൾക്കെതിരെ കടുത്ത നടപടിക്ക് അന്വേഷണസംഘം ശുപാർശ ചെയ്തിരുന്നു.