കേരളത്തിൽ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പ്

single-img
9 July 2024

കേരളത്തിൽ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു . കഴിഞ്ഞ ദിവസം നാലുപേര്‍ മരിച്ചു. 13,511 പേര്‍ ചികിത്സ തേടി. 99 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഏഴുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.

തുടര്‍ച്ചയായി പെയ്ത മഴ ശമിച്ചതോടെയാണ് സംസ്ഥാനത്ത് വീണ്ടും പകര്‍ച്ചവ്യാധികള്‍ വ്യാപകമായത്. പകർച്ചവ്യാധികളുടെ നിയന്ത്രണത്തിന് റാപ്പിഡ് റസ്പോൺസ് ടീം ജില്ലകളിൽ രൂപീകരിച്ചിട്ടുണ്ട് . ഡിഎംഒയുടെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് ജില്ലകളിൽ രൂപീകരിച്ചത്.

പനി ബാധിച്ചുള്ള മരണത്തിൽ ഒന്ന് വെസ്റ്റ് നൈൽ പനി ബാധിച്ചാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയാണ് വെസ്റ്റ് നൈൽ പനി ബാധിച്ച് മരിച്ചത്.അതേസമയം, നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആദ്യം ഭക്ഷ്യ വിഷബാധയെന്നാണ് കെയര്‍ ഹോമിലുള്ളവര്‍ സംശയിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പെരുമ്പഴുതൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ സ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങള്‍ നടത്തി.

രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വെള്ളം ഉള്‍പ്പെടെയുള്ള സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ കാണുന്നവരുടെ സാമ്പിളുകള്‍ വേഗം പരിശോധനയ്ക്കയയ്ക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.