പേഴ്സണൽ സ്റ്റാഫിൻ്റെ പരാതി വാങ്ങി പൊലീസിൽ നൽകിയ ശേഷം ന്യായീകരിച്ച ആരോഗ്യമന്ത്രിയുടെ നടപടി ദുരൂഹവും പ്രഹസനവും: രമേശ് ചെന്നിത്തല

single-img
28 September 2023

കൈക്കൂലി വാങ്ങിയെന്ന കേസിൽ ആരോപണ വിധേയനായ പേഴ്സണൽ സ്റ്റാഫിൻ്റെ പരാതി വാങ്ങി പൊലീസിൽ നൽകിയ ശേഷം സ്റ്റാഫിനെ ന്യായീകരിച്ച സംസ്ഥാന ആരോഗ്യമന്ത്രിയുടെ നടപടി ദുരൂഹവും പ്രഹസനവുമാണെന്ന് കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. പരാതിക്കാരൻ നൽകിയ പരാതി പൊലീസിന് നൽകാതെ മുക്കിയശേഷം ആരോപണവിധേയൻ നൽകിയ പരാതി മാത്രം പൊലീസിന് നൽകിയ മന്ത്രി ആദ്യം ചെയ്തത് തൻ്റെ സ്റ്റാഫിനെ വെള്ളപൂശുന്നതായിരുന്നു.

ഇതോടുകൂടി വെട്ടിലായ പൊലീസ് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുട്ടിൽ തപ്പുകയാണെന്നും അന്വേഷണം പ്രഹസമാകുമെന്ന കാര്യം ഉറപ്പാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ആരോഗ്യ മന്ത്രിക്കും ഓഫീസിനും എന്തൊക്കെയോ ഒളിക്കാനുണ്ട്. ഈ സംഭവത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുകയാണ്. പൊലീസ് അന്വേഷണം വഴിപാട് ആകുമെന്ന കാര്യം വ്യക്തമാണ്. പരാതിക്കാരൻ കൂടുതൽ തെളിവുകൾ പുറത്ത് വിട്ടതോടെ മന്ത്രിയുടെ ഓഫീസ് കൂടുതൽ സമ്മർദത്തിലായി.

ശരിയായ വസ്തുതകൾ പുറത്ത് കൊണ്ട് വരണമെങ്കിൽ ഉന്നതതല അന്വേഷണം വേണം. മന്ത്രി ഇന്നലെ നടത്തിയ അപക്വമായ പ്രസ്താവന തിരുത്തണം. തൻ്റെ പേഴ്സണൽ സ്റ്റാഫിനെ അന്വേഷണം പൂർത്തിയാകുന്നതുവരെ പുറത്ത് നിർത്തുകയുമാണ് മന്ത്രി ചെയ്യേണ്ടിയിരുന്നതെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ, അതിനുപകരം സ്വന്തം സ്റ്റാഫിനെ വെള്ളപൂശിയത് ഒട്ടും ശരിയായ നടപടിയല്ല. അഴിമതിയിൽ മുങ്ങിനിൽക്കുന്ന സർക്കാരിൽ ഇതിനപ്പുറവും നടക്കുമെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.