യുഎഇയുടെ ചില പ്രദേശങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്;കാലാവസ്ഥാ കേന്ദ്രം റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

single-img
18 October 2022

അബുദാബി: യുഎഇയുടെ ചില പ്രദേശങ്ങളില്‍ ഇന്ന് രാവിലെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, അല്‍ വത്ബ, റസീന്‍, അര്‍ജ്‌ന, അബുദാബി, അല്‍ ദഫ്ര മേഖലയിലെ താബ് അല്‍സറബ്, മര്‍ജാന്‍, റാസല്‍ഖൈമ, അജ്മാന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ മൂടല്‍മഞ്ഞ് റിപ്പോര്‍ട്ട് ചെയ്തു.

റോഡുകളില്‍ ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ചില തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ബുധനാഴ്ച രാവിലെയും മൂടല്‍മഞ്ഞ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ ഉള്‍പ്രദേശങ്ങളില്‍ പരമാവധി താപനില 37-42 ഡിഗ്രി സെല്‍ഷ്യസായിരിക്കും. തീരപ്രദേശങ്ങളില്‍ പരമാവധി താപനില 34-39 ഡിഗ്രി സെല്‍ഷ്യസായിരിക്കും. തിങ്കളാഴ്ച ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് അല്‍ ഐനിലെ റക്‌നായിലാണ്. വൈകിട്ട് 6.30ന് 16.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടുത്തെ താപനില. തെക്ക്-കിഴക്കന്‍, വടക്ക്-പടിഞ്ഞാറന്‍ മേഖലകളില്‍ മണിക്കൂറില്‍ 10 – 20 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. ചില സമയങ്ങളില്‍ ഇത് 30 കിലോമീറ്റര്‍ വരെയാകാം. വരും ദിവസങ്ങളിലും രാജ്യത്ത് മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം റോഡിലെ നിയമ ലംഘനങ്ങള്‍ പിടികുടാന്‍ യുഎഇയിലെ റാസല്‍ഖൈമയില്‍ പുതിയ റഡാര്‍ സ്ഥാപിച്ചു. അല്‍ മസാഫി റോഡിലാണ് പുതിയ റഡാര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. ട്രക്കുകള്‍ റോഡ് ഉപയോഗിക്കുന്നതിലെ നിയമലംഘനങ്ങളും രേഖകളുടെ കാലാവധി കഴിഞ്ഞ വാഹനങ്ങളും പുതിയ റഡാറില്‍ പിടികൂടും. ട്വിറ്ററിലൂടെയാണ് പുതിയ റഡാര്‍ സ്ഥാപിച്ച വിവരം റാസല്‍ഖൈമ പൊലീസ് പൊതുജനങ്ങളെ അറിയിച്ചത്.

പെര്‍മിറ്റ് ഇല്ലാതെ ഈ റോഡ് ഉപയോഗിക്കുന്ന ട്രക്കുകളെയും അനുവദിക്കപ്പെട്ട സമയത്തല്ലാതെ ഇതിലൂടെ കടന്നുപോകുന്ന ട്രക്കുകളെയും പിടികൂടും. ഒപ്പം രേഖകളുടെ കാലാവധി അവസാനിച്ച ശേഷം അവ പുതുക്കാതെ സഞ്ചരിക്കുന്ന വാഹനങ്ങളും ഇവിടെ രേഖപ്പെടുത്തുമെന്ന് റാസല്‍ഖൈമ പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു