ഉത്രാട ദിനം മുതൽ കനത്ത മഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ ഉത്രാട ദിനത്തിൽ യെല്ലോ അലർട്ട്
ഓണത്തിന് മഴ വെല്ലുവിളിയാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഉത്രാട ദിനമായ ഏഴാം തിയതി സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ മഴ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ ഉത്രാട ദിനത്തിൽ യെല്ലോ അലർട്ടായിരിക്കും. അതേസമയം ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്.
സംസ്ഥാനത്ത് ഇന്നും നാളെയും മഴ കുറവായിരിക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഈ രണ്ട് ദിവസവും ഏതാനും ജില്ലകളിൽ മാത്രമാണ് മഴ ജാഗ്രത നിർദ്ദേശമുള്ളത്.
അതേസമയം മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുകയും ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ മഴയുടെ തോത് കുറയുന്നതുമായിരുന്നു പതിവ്. എന്നാല്‍ ഈ വര്‍ഷം ജൂണില്‍ കാലവര്‍ഷത്തില്‍ 52 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ആഗസ്ത് മാസത്തിലാണ് (551.7 മില്ലിമീറ്റര്‍). 24 ശതമാനം അധിക മഴയാണ് ആഗസ്തിൽ സംസ്ഥാനത്ത് പെയ്തത്. കാലവര്‍ഷത്തില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് ജൂണിലാണ്. ജൂണില്‍ 648.3 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് ലഭിച്ചത് 308.6 മില്ലിമീറ്റര്‍ മാത്രമാണ്. 55 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. അതേ സമയം നിര്‍ത്താതെ മഴ പെയ്യുമ്പോഴും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ലഭിക്കേണ്ട മഴയുടെ അളവില്‍ 12 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.