സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത

single-img
6 September 2022

തിരുവനന്തപുരം∙ അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥാ മുന്നറിയിപ്പ്.

എല്ലാ ജില്ലകളിലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗമുള്ള ശക്തമായ കാറ്റിനും ഇടിയോടുകൂടിയ മഴയ്‌ക്കും സാദ്ധ്യതയുണ്ടെന്നാണ് വിവരം. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാദ്ധ്യതയുള്ളതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ ട്രെക്കിങ്ങിനും ഖനനത്തിനും നിരോധനം ഏര്‍പ്പെടുത്തി. മലയോരമേഖലയില്‍ രാത്രി 7 മുതല്‍ രാവിലെ 6 വരെ യാത്രാ നിരോധനം. തിരുവനന്തപുരം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒന്‍പത് വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പും മുന്നറിയിപ്പ് നല്‍കി. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

പാലായുടെ കിഴക്കന്‍ മേഖലകളിലെ പഞ്ചായത്തുകളില്‍ ശക്തമായ മഴയാണ്. മൂന്നിലവ്, മേലുകാവ് പ്രദേശങ്ങളിലും മഴ കനത്തു. ഇടമറുക് രണ്ടാറ്റുമുന്നി ആറ്റില്‍ ജലനിരപ്പ് ഉയരുകയാണ്.

ഇതിന് പുറമെ ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളില്‍ നാളെയും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മറ്റന്നാള്‍ ഓറഞ്ച് അലേര്‍ട്ടും ബാക്കിയുള്ളിടങ്ങളില്‍ മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം ഒന്‍പത് വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായാണ് കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. കന്യാകുമാരി തീരത്തോട് ചേര്‍ന്ന് രൂപംകൊണ്ട ചക്രവാതചുഴിയുടെ സ്വാധീനമാണ് മഴയ്‌ക്ക് കാരണം. എട്ടാം തീയതി വരെ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഓണ ദിവസങ്ങളില്‍ കനത്ത മഴ സാദ്ധ്യതയാണ് സംസ്ഥാനത്തുള‌ളത്.