സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യത;കേന്ദ്ര കാലാവസ്ഥ വകുപ്പ്

single-img
3 June 2023

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ ജൂൺ 5 ഓടെ ചക്രവാതചുഴി ( Cyclonic Circulation ) രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 24 മണിക്കൂറിൽ ഇത് ന്യൂനമർദ്ദമായി (Low Pressure Area ) ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും, നാളെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ മുന്നറിയിപ്പ് പ്രകാരം തിങ്കളാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലേർട്ടുണ്ട്.

യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കാലാവസ്ഥാ വകുപ്പ് ഇന്നലെ പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം കേരള – കർണാടക തീരങ്ങളിൽ ഇന്ന് രാത്രിവരെയും ലക്ഷദ്വീപ് പ്രദേശങ്ങളിൽ ജൂൺ 06 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.കേരള -കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കി.മീ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കി.മീ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ചൊവ്വാഴ്ച വരെ ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കി.മീ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കി.മീ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

പ്രത്യേക ജാഗ്രതാ നിർദേശം

06-06-2023 വരെ: ഗൾഫ് ഓഫ് മന്നാർ, തെക്കൻ തമിഴ്‌നാട് തീരം അതിനോട് ചേർന്നുള്ള കോമോറിൻ പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

ചൊവ്വാഴ്ച വരെ തെക്ക് കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.