സംസ്ഥാനത്ത് കനത്ത മഴ വീണ്ടും നാശം വിതയ്ക്കുന്നു

single-img
28 August 2022

ബത്തേരി: സംസ്ഥാനത്ത് കനത്ത മഴ വീണ്ടും നാശം വിതയ്ക്കുന്നു. മലയോര മേഖലകളില്‍ ശക്തമായ മഴയ്ക്കൊപ്പം മലവെള്ളപ്പാച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടാകുന്നത് ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്.

കണ്ണൂരിന് പിന്നാലെ വയനാട് ബത്തേരിയും ശക്തമായ മഴയില്‍ മലവെള്ളപ്പാച്ചില്‍ ദുരിതം അനുഭവിക്കുകയാണ്. അമ്ബുകുത്തി മലയ്ക്ക് സമീപം മലവയലിലാണ് സംഭവം. തോട് കരകവിഞ്ഞതിനെ തുടര്‍ന്ന് വെള്ളം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകി. ചില വീടുകളില്‍ വെള്ളം കയറി. വയലിനോട് ചേര്‍ന്ന സ്ഥലമായതിനാല്‍ വേഗത്തില്‍ വെള്ളം കയറുകയായിരുന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് നിന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുമെന്ന് വാര്‍ഡ് മെമ്ബര്‍ അറിയിച്ചു.

കണ്ണൂര്‍ ഏലപ്പീടികയില്‍ ഉരുള്‍പൊട്ടല്‍; നെടുമ്ബോയില്‍ ചുരത്തില്‍ വീണ്ടും മലവെള്ളപ്പാച്ചില്‍

കണ്ണൂരിലെ മലയോര മേഖലയായ കണിച്ചാര്‍ പഞ്ചായത്തില്‍ ഏലപ്പീടികയ്ക്ക് സമീപത്തെ വനത്തിലാണ് ഉരുള്‍പൊട്ടിയത്. ഇതേതുടര്‍ന്ന് ഇരുപത്തി ഏഴാം മൈല്‍, പൂളക്കുറ്റി, ഭാഗങ്ങളില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായി. വെള്ളം കുത്തിയറിങ്ങി ഒറ്റപ്പെട്ട താഴെ വെള്ളറ കോളനിയിലെ കുടുംബങ്ങളെ അഗ്നിരക്ഷ സേനയെത്തി ബന്ധുവീടുകളിലേക്ക് മാറ്റി. കാഞ്ഞിരപ്പുഴയില്‍ വെള്ളം ക്രമാതീതമായി കൂടുന്നതിനാല്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അറിയിപ്പുണ്ട്. കണിച്ചാര്‍ കേളകം പഞ്ചായത്തുകളില്‍ വ്യാപക കൃഷി നാശവുമുണ്ടായിട്ടുണ്ട്. ഒരുമാസം മുന്‍പ് ഈ ഭാഗത്തുണ്ടായ ഉരുള്‍ പൊട്ടലില്‍ വെള്ളറയിലെ രാജേഷ്, താഴെ വെള്ളറ കോളനിയിലെ ചന്ദ്രന്‍, രണ്ടര വയസുകാരി നുമ തസ്ളീന്‍ എന്നിവര്‍ മരിച്ചിരുന്നു. പ്രദേശവാസികള്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങി ദിവസങ്ങള്‍ മാത്രം പിന്നിടുമ്ബോഴാണ് വീണ്ടും ഭീതി പരത്തി ഉരുള്‍ പൊട്ടലുണ്ടായത്.