ഹേമ കമ്മിറ്റി റിപ്പോർട്ട്; പുറത്തുവിടുന്നത് തടയണമെന്ന ഹർജിയുമായി നടി രഞ്ജിനി
മലയാള ചലച്ചിത്രമേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് പരിഹാരം നിർദ്ദേശിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി നൽകിയ റിപ്പോർട്ട് പുറത്തുവരുന്നത് തടയാൻ വീണ്ടും നീക്കം നടക്കുന്നു . റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന ഹർജിയുമായി ഇത്തവണ എത്തിയത് നടി രഞ്ജിനിയാണ് .
സംസ്ഥാന സർക്കാർ നാളെ റിപ്പോർട്ട് പുറത്തുവിടാനിരിക്കെയാണ് നടി ഹർജിയുമായി ഹെെക്കോടതിയെ സമീപിച്ചത്. ഹേമ കമ്മിറ്റിക്കുമുൻപിൽ താൻ മൊഴി കൊടുത്തതാണെന്ന് നടി ഹർജിയിൽ പറയുന്നു. വിഷയത്തിൽ നേരത്തെ കോടതിയെ സമീപിക്കാത്ത ഹർജിക്കാരിക്ക് അപ്പീൽ സമർപ്പിക്കാൻ ഡിവിഷൻ ബെഞ്ച് അനുമതി നൽകി.
അതേസമയം, റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന ഹർജിയിൽ ഹെെക്കാടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. തിങ്കളാഴ്ച ഹർജി പരിഗണിക്കണമെന്നും കോടതി അറിയിച്ചു. മുൻപ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഓഗസ്റ്റിന് 17-ന് പുറത്തുവിടുമെന്നാണ് അറിയിച്ചിരുന്നത്.
നേരത്തെ പരസ്യമാക്കാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്ന ഭാഗങ്ങൾ ഒഴിവാക്കിത്തന്നെയാണ് റിപ്പോർട്ട് പുറത്തുവിടുക. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും തൊഴിൽസാഹചര്യങ്ങളുമൊക്കെ പഠിക്കാൻ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി.