അച്ഛൻ മുൻപ് പറഞ്ഞ പല കാര്യങ്ങളും സത്യമായിരുന്നെന്ന് തെളിയിക്കുന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്: ഷോബി തിലകൻ

single-img
20 August 2024

മലയാള സിനിമയിലെ താര സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് നടൻ തിലകൻ മുൻപ് പറഞ്ഞ പല കാര്യങ്ങളും സത്യമായിരുന്നെന്ന് തെളിയിക്കുന്നതാണ് ഹേമ കമ്മിറ്റി പുറത്തുവിട്ട റിപ്പോർട്ടെന്ന് മകനും നടനുമായ ഷോബി തിലകൻ. സിനിമാ മേഖലയിൽ സ്ത്രീകൾ ക്രൂരമായി ചൂഷണം ചെയ്യപ്പെടുന്നുവെന്ന ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഷോബി തിലകൻ്റെ പ്രതികരണം.

‘സിനിമാ മേഖലയിൽ നടക്കുന്ന ഇതുപ്പോലെയുള്ള പ്രവണതയെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നു. മുൻ കാലങ്ങളിൽ കേട്ട് കേൾവി മാത്രമായിരുന്നു ഇത്തരം സംഭവങ്ങൾ. വ്യക്തിപരമായ കലാ ജീവിതത്തിൽ ഇത്രയും കാലത്തിനിടയിൽ ഇത്തരം ഒരു മാഫിയ ഉള്ളതായി അനുഭവപെട്ടിട്ടി’ല്ലെന്നും ഷോബി തിലകൻ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള നിർദേശങ്ങൾ എല്ലാം സിനിമാ മേഖലയിലെ സംഘടനകളുമായും ചർച്ച ചെയ്ത് അതിനുവേണ്ട പരിഹാരം സർക്കാർ കണ്ടെത്തണമെന്നാണ് അഭിപ്രായമെന്നും ഷോബി തിലകൻ പറഞ്ഞു

അതേസമയം, നേരത്തെ സിനിമാ പ്രവർത്തകരിൽ നിന്ന് ഉണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് ഷോബി തിലകന്റെ സഹോദരി കൂടിയായ സോണിയ തിലകൻ തുറന്നു പറഞ്ഞിരുന്നു. സിനിമയിൽ വലിയ സ്വാധീനമുള്ള പ്രമുഖ നടനിൽ നിന്നാണ് ദുരനുഭവം ഉണ്ടായത്.

ഈ വ്യക്തി റൂമിലേക്ക് വരാനാനായി ഫോണിൽ സന്ദേശമയയ്ക്കുകയായിരുന്നു. മോൾ എന്ന് വിളിച്ചാണ് റൂമിലേക്ക് ക്ഷണിച്ചുള്ള സന്ദേശമയച്ചതെന്നും അതിനുശേഷം മോശം അനുഭവമാണ് ഉണ്ടായതെന്നും സോണിയ വെളിപ്പെടുത്തിയിരുന്നു.