ഇനിമുതൽ രാത്രിയിലെ വൈദ്യുതി നിരക്ക് കൂടും; പകൽ സമയത്തെ നിരക്ക് കുറക്കും: മന്ത്രി കെ കൃഷ്ണൻകുട്ടി
സംസ്ഥാനം കടന്നുപോകുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പകൽ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വർധിപ്പിക്കാനും ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി . ഭൂരിഭാഗം വീടുകളിലും സ്മാർട്ട് മീറ്ററുകളായി. അതുകൊണ്ടു തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാകും.
വൈദ്യുതി ഉപഭോഗം പകൽ സമയത്ത് കുറവാണ്. രാത്രിയിലാണ് ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗം. ഈ സാഹചര്യത്തിൽ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കുന്നതിനായാണ് ഈ സമയത്തെ ഉപഭോഗത്തിന് നിരക്ക് വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു.
അതേപോലെ തന്നെ , കേരളത്തിൽ ആണവ നിലയം പദ്ധതി ആരംഭിക്കാൻ പ്രാരംഭ ചർച്ചകൾ പോലും നടന്നിട്ടില്ല. ഈ കാര്യം സർക്കാരിൻറെ നയപരമായ കാര്യമാണ്. കൂടുതൽ ചർച്ചകൾക്കുശേഷമെ തീരുമാനമെടുക്കുകയുള്ളു. ആണവനിലയം സംസ്ഥാനത്തിന് പുറത്ത് സ്ഥാപിച്ചാലും കേരളത്തിന് വൈദ്യുതി വിഹിതം കിട്ടുമെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു.