കേരളത്തിനുവേണ്ടി പാർലമെന്റിൽ ഇനി മുതൽ രണ്ട് ഗാന്ധി ശബ്ദങ്ങൾ ഉയരും: കെ സുധാകരൻ

single-img
18 June 2024

കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാന പ്രകാരം വയനാട് മണ്ഡലം ഒഴിയുന്ന രാഹുൽ ഗാന്ധിക്ക് നന്ദിയെന്നും അദ്ദേഹത്തിന് പകരമായി എഐസിസി നിയോഗിച്ച പ്രിയങ്കാ ഗാന്ധിക്ക് കേരളത്തിലേക്ക് സ്വാഗതമെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി.

രാഹുൽ ഗാന്ധിയെ വൻ ഭൂരീപക്ഷത്തിൽ വിജയിപ്പിച്ച വയനാട് ജനത പ്രിയങ്കാ ഗാന്ധിയേയും അത്രമേൽ ഭൂരിപക്ഷത്തോടെ ലോക്സഭയിലേക്ക് അയക്കും. വയനാടിന് ഇനിയങ്ങോട്ട് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, എന്നിവരുടെ കരുതലും സ്നേഹവുമാണ് ലഭിക്കാൻ പോകുന്നത്. കേരളത്തിനായി പാർലമെന്റിൽ ഇനി മുതൽ രണ്ട് ഗാന്ധി ശബ്ദങ്ങൾ ഉയരുമെന്നും കെ.സുധാകരൻ പറഞ്ഞു.

ഇതോടൊപ്പം രാഹുൽ ഗാന്ധി കേരളത്തിലെ കോൺഗ്രസിനും വയനാടിലെ ജനങ്ങൾക്കും നൽകിയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. കഴിഞ്ഞ രണ്ട് ലോകസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനും യുഡിഎഫിനും തിളക്കമാർന്ന വിജയം നേടാൻ സാധിച്ചത് രാഹുൽ ഗാന്ധിയുടെ സാന്നിധ്യം കൊണ്ടാണ്.
കേരളത്തിലെ ജനങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാഹുൽ ഗാന്ധിയെ ഏറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു.

വയനാട് ലോക്സഭാ മണ്ഡലവുമായി രാഹുൽ ഗാന്ധിക്ക് വൈകാരികമായ ബന്ധമാണ് ഉള്ളത്. വയനാട് തന്റെ കുടുംബമാണെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞിട്ടുള്ളത്.അത് അദ്ദേഹം പല സന്ദർഭങ്ങളിലും ആവർത്തിക്കുകയും ചെയ്തു. വയനാട്ടിലെ ജനങ്ങൾ രാഹുൽ ഗാന്ധിയേയും അവരുടെ കുടുംബത്തിലെ ഒരംഗത്തെപോലെയാണ് സ്നേഹിച്ചത്. ദേശീയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ എഐസിസി നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞ് റായ്ബറേലി മണ്ഡലം നിലനിർത്താൻ തീരുമാനിച്ചതിനെയും രാഹുൽ ഗാന്ധി തുടങ്ങിവെച്ച ദൗത്യം തുടരാൻ പ്രിയങ്കാ ഗാന്ധിയെ നിയോഗിച്ചതിനെയും കോൺഗ്രസ് സംസ്ഥാന നേതൃത്വം സ്വാഗതം ചെയ്യുന്നു.

വയനാടും റായ്ബറേലിയും കോൺഗ്രസിന് എക്കാലവും ഒരുപോലെ പ്രിയപ്പെട്ടതാണ്. ദേശീയ രാഷ്ട്രീയം രാഹുൽ ഗാന്ധിയുടെ സാന്നിധ്യം വടക്കേ ഇന്ത്യയിൽ കൂടുതൽ ആവശ്യപ്പെടുന്ന ഘട്ടമാണിത്. റായ്ബറേലിയിൽ രാഹുൽ ഗാന്ധി മത്സരിച്ചതിന്റെ ഗുണഫലം ഈ തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ വ്യക്തമാണ്. അതുകൊണ്ട് വേദനയോടെയാണങ്കിലും അംഗീകരിക്കുന്നു. തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച രണ്ട് മണ്ഡലങ്ങളിൽ ഒരു മണ്ഡലം ഒഴിയുക എന്ന ദുഷ്‌കരമായ തീരുമാനം തന്റെ പ്രിയപ്പെട്ട ജനങ്ങൾക്ക് വേദനയുണ്ടാക്കുന്ന രീതിയിൽ ആകരുതെന്ന് രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സ് പാർട്ടിക്കും നിർബന്ധമുണ്ടായിരുന്നു.

രാഹുൽ ഗാന്ധിയുടെ പിന്തുടർച്ചയായി വയനാടിനെ ലോക്സഭയിൽ പ്രതിനിധീകരിക്കാൻ പ്രിയങ്കാ ഗാന്ധിയെ നിയോഗിച്ച എഐസിസി തീരുമാനം ഞാനുൾപ്പടെയുള്ള എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും അതിയായ ആഹ്ലാദവും ഊർജ്ജവും പകരുന്നതാണ്.ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുടെ പ്രതിരൂപമായ പ്രിയങ്കാജി തന്റെ കന്നിയങ്കത്തിന് തെരഞ്ഞെടുത്തിരിക്കുന്ന തട്ടകം നമ്മുടെ വയനാട് ആണെന്നത് ഓരോ കോൺഗ്രസ്സ് പ്രവർത്തകനും മലയാളിക്കും അഭിമാനം തന്നെയാണ്.

രാഹുൽ ഗാന്ധിയെ ഹൃദയത്തിൽ ഏറ്റുവാങ്ങിയത് പോലെ കേരളത്തിലേയും പ്രത്യേകിച്ച് വയനാടിലെയും ജനങ്ങൾ പ്രിയങ്കാ ഗാന്ധിയേയും ഏറ്റുവാങ്ങുമെന്ന് എനിക്കുറപ്പുണ്ട്. എക്കാലവും യുഡിഎഫിനൊപ്പം ഉറച്ച് നിന്ന മതേതര-ജനാധിപത്യ വിശ്വാസികളാണ് വയനാട്ടിലെ പ്രബുദ്ധരായ ജനത. കേരളത്തിലേയും വയനാട്ടിലേയും ജനങ്ങളോട് ഗാന്ധി കുടുംബവും എഐസിസി നേതൃത്വവും പുലർത്തിയ വിശ്വാസത്തിനും സ്നേഹത്തിനും പകരമായി പ്രിയങ്കാ ഗാന്ധിയേയും മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.