1995-ൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്റ് പരിഗണിച്ചെങ്കിലും ഉമ്മൻ ചാണ്ടി നിരസിച്ചു: ചെറിയാൻ ഫിലിപ്പ്

single-img
17 July 2024

1995-ൽ കെ.കരുണാകരനു പകരമായി സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയെയും കോൺഗ്രസ് ഹൈക്കമാന്റ് പരിഗണിച്ചെങ്കിലും അദ്ദേഹം അത് നിരസ്സിക്കുകയാണുണ്ടായതെന്ന് ചെറിയാൻ ഫിലിപ്പ്. തന്റെ ഉറച്ച നിലപാട് പ്രധാനമന്ത്രി നരസിംഹ റാവുവിനെ അറിയിച്ചതോടൊപ്പം എ കെ ആന്റണിയുടെ പേരു് നിർദ്ദേശിക്കുകയും ചെയ്തു.

എന്നാൽ ,എ.കെ.ആന്റണിയാവട്ടെ താൻ മുഖ്യമന്ത്രിയാവില്ലെന്ന കടുത്ത നിലപാടാണ് ആദ്യം മുതലേ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ആന്റണിയെ കൊണ്ട് സമ്മതിപ്പിക്കാൻ പി.ജെ.കുര്യനെയും എന്നെയും ഉമ്മൻ ചാണ്ടി ചുമതലപ്പെടുത്തി. പി.ജെ.കുര്യൻ നരംസിംഹറാവുവിനെ നേരിൽ കണ്ട് എ.കെ.ആന്റണിയുടെ മേൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടു.

1978 ൽ എ.കെ.ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോൾ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയോട് അടുത്ത മന്ത്രിസഭയിൽ അംഗമാകാൻ ആന്റണി ആവശ്യപ്പെട്ടെങ്കിലും ഉമ്മൻ ചാണ്ടി വഴങ്ങിയില്ല. 1980-ൽ നായനാർ മന്ത്രിസഭയിൽ അംഗമാകാൻ ഉമ്മൻ ചാണ്ടി വിസമ്മതിച്ചു. പിന്നാലെയാണ് പി.സി. ചാക്കോ മന്ത്രിയായത്.

അതിനു ശേഷം 1981 ൽ കരുണാകരൻ മുഖ്യമന്ത്രിയായ ബദൽ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി 1982 ൽ തെരഞ്ഞെടുപ്പിനു ശേഷം വയലാർ രവിക്കു വേണ്ടി മന്ത്രി പദം ഒഴിഞ്ഞു നൽകി . 1995 – ലും 2001-ലും മന്ത്രിയാകാൻ ഉമ്മൻ ചാണ്ടിയോട് മുഖ്യമന്ത്രി എ.കെ.ആന്റണി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല.

2004-ൽ മുഖ്യമന്തി സ്ഥാനം രാജിവെച്ചപ്പോൾ എ.കെ.ആന്റണി തന്റെ പിൻഗാമിയായി സോണിയ ഗാന്ധിയോട് നിർദ്ദേശിച്ചത് ഉമ്മൻ ചാണ്ടിയുടെ പേരാണ്. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക വേളയിലാണ് ചെറിയാൻ ഫിലിപ്പ് ഈ കാര്യങ്ങൾ ഫേസ്ബുക്കിൽ എഴുതിയത് .