ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസിന് തുടർപഠനത്തിന് അനുമതി നൽകി ഹൈക്കോടതി
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനിയായിരുന്ന ഷഹന ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഡോ. ഇ എ റുവൈസിന് തുടർപഠനത്തിന് അനുമതി നൽകി ഹൈക്കോടതി. ഷഹനയുടെ ആത്മഹത്യയ്ക്ക് ശേഷം കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട റുവൈസിന് പഠനം തുടരാനാണ് അനുമതി നൽകിയത്.
ഉത്തരവ് പ്രകാരം ക്ലാസിൽ പഠിക്കാമെങ്കിലും റുവൈസിന് ഹാജർ ലഭിക്കില്ല. ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റേതാണ് ഇടക്കാല ഉത്തരവ്. പ്രിന്‍സിപ്പല്‍ സ്വീകരിച്ച അച്ചടക്ക നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റുവൈസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. മുൻപ് സസ്‌പെന്‍ഷന്‍ നടപടി സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് പഠനം തുടരാന്‍ അനുമതി നല്‍കിയിരുന്നു.
എന്നാൽ ഈ ഉത്തരവ് പിന്നാലെ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഇതിന് പിന്നാലെ അച്ചടക്ക നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റുവൈസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിലാണ് പഠനം തുരാന്‍ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയത്.
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് റുവൈസ് വിവാഹത്തിൽ നിന്ന് പിന്മാറിയതിലുള്ള മനോവിഷമത്തിൽ ഡോ. ഷഹന ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കേസ്. ഇതിനെ തുടർന്നാണ് റുഹൈസിനെതിരെ മെഡിക്കൽ കോളേജ് അച്ചടക്ക നടപടി സ്വീകരിച്ചത്.