തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് ഹൈക്കോടതി വിലക്കി
കേരളത്തിലെ ആനപ്രേമികളുടെ ഹീറോയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് ഹൈക്കോടതി വിലക്കി. ഇടുക്കി കേന്ദ്രമായുള്ള ഒരു സൊസൈറ്റി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നയുടെ വലതു കണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടുവെന്ന അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട് കൂടെ പരിഗണിച്ചു കൊണ്ടാണ് ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, അനു ശിവരാമൻ എന്നിവരടങ്ങിയ ബഞ്ചിന്റെ ഉത്തരവ്.
ഇതുവരെ 13 പേരെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രണ് കൊലപ്പെടുത്തിയത്. കൊലക്കേസില്‍പ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയ ആദ്യ ആന എന്ന റെക്കോഡും തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍റെ പേരിലാണ്.
ഏകഛത്രാധിപതി’ പട്ടം നേടിയ സംസ്ഥാനത്തെ ഏക ഗജവീരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ സ്വദേശം ബീഹാറാണ്. 1979 ല്‍ തൃശൂര്‍ സ്വദേശിയായ വെങ്കിടാചലാദ്രസ്വാമികളാണ് മോട്ടിപ്രസാദിനെ ബിഹാറിലെ സോണ്‍പൂര്‍ മേളയില്‍ നിന്നും കേരളത്തിലെത്തിച്ചത്. മോട്ടിപ്രസാദിന് വെങ്കിടാദ്രി ഗണേശന്‍ എന്ന പേരുമിട്ടു. 1984-ല്‍ ആണ് പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തില്‍ ഗണേശനെ നടക്കിരുത്തിയത്. ഇതോടെ ഗണേശന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായി.
സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. 317 സെന്റീമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടലിന് 340 സെന്റീമീറ്ററോളം നീളമുണ്ട്. ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയ്യുമൊക്കെയാണ് രാമചന്ദ്രനെ ഗജരാജനാക്കിയത്. 2011 മുതല്‍ തൃശൂര്‍ പൂരത്തിലെ പ്രധാനചടങ്ങായ തെക്കേ ഗോപുരവാതില്‍ തള്ളിത്തുറക്കുന്നതും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനാണ്.