ചലച്ചിത്ര താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പോസ്റ്ററുകളും ചിത്രങ്ങളുമായി പതിനെട്ടാം പടി കയറുന്നതും ദര്‍ശനം നടത്തുന്നതും വിലക്കി ഹൈക്കോടതി
കൊച്ചി: ചലച്ചിത്ര താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പോസ്റ്ററുകളും ചിത്രങ്ങളുമായി ശബരിമല തീര്‍ഥാടകര്‍ പതിനെട്ടാം പടി കയറുന്നതും ദര്‍ശനം നടത്തുന്നതും വിലക്കി ഹൈക്കോടതി.
ക്ഷേത്രത്തിലെ പതിവു ചിട്ടവട്ടങ്ങളും ആചാരാനുഷ്ഠാനങ്ങളും പാലിച്ച് ദര്‍ശനം നടത്താന്‍ ഭക്തര്‍ക്കു ഉത്തരവാദിത്വമുണ്ടെന്നു കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ വീഴ്ചയില്ലെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉറപ്പാക്കണം.
ജസ്റ്റിസ് അനില്‍. കെ.നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി.അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിര്‍ദേശം. തമിഴ് സിനിമയുടെ പോസ്റ്ററുകളും അന്തരിച്ച കന്നട നടന്റെ ചിത്രങ്ങളും ഉയര്‍ത്തിപ്പിടിച്ച് ദര്‍ശനത്തിനു നില്‍ക്കുന്നവരുടെ ഫോട്ടോ ഒരു അയ്യപ്പഭക്തന്‍ ഹൈക്കോടതി റജിസ്ട്രാര്‍ ജനറലിന് അയച്ചനല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
അയ്യപ്പനോട് ആദരവുള്ള ഭക്തര്‍ പരമ്ബരാഗത ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചാണ് ദര്‍ശനം നടത്തേണ്ടത്. ദിവസവും 80,000 – 90,000 ഭക്തര്‍ ദര്‍ശനത്തിനെത്തുമ്ബോള്‍ മിനിറ്റില്‍ 70 – 80 പേരെ പതിനെട്ടാം പടിയിലൂടെ കടത്തി വിടണം. ഇതിനു വിരുദ്ധമായി ചിത്രങ്ങളും പോസ്റ്ററുകളുമായെത്തുന്നവരെ കടത്തി വിടരുതെന്ന് കോടതി ആവശ്യപ്പെട്ടു.
ശബരിമല സോപാനത്തിനു മുന്നില്‍ സംഗീത വാദ്യോപകരണങ്ങള്‍ വായിക്കാന്‍ ഭക്തരെ അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഡ്രമ്മര്‍ ശിവമണി സോപാനത്തിനു മുന്നില്‍ ഡ്രം വായിച്ച വാര്‍ത്തയ്ക്ക് പിന്നാലെയാണ് നിര്‍ദേശം. സംഭവത്തില്‍ സോപാനം ഓഫിസര്‍ക്കു കാരണംകാണിക്കല്‍ നോട്ടിസ് നല്‍കി. ആചാരാനുഷ്ഠാനങ്ങള്‍ എല്ലാ ഭക്തര്‍ക്കും ഒരുപോലെ ബാധകമാണെന്നും ഇത്തരം പരിപാടികള്‍ അനുവദിക്കാന്‍ പാടില്ലായിരുന്നെന്നും കോടതി പറഞ്ഞു.