വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് അംഗത്തെ നോമിനേറ്റ് ചെയ്യാത്ത നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: കേരള സര്‍വ്വകലാശാലയിലെ വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് അംഗത്തെ നോമിനേറ്റ് ചെയ്യാത്ത നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി.
സെനറ്റ് ഒരു നോമിനിയെ നിര്‍ദ്ദേശിക്കുകയാണ് വേണ്ടത്. എന്തിനാണ് വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. ഈ നാടകത്തിന് പിന്നിലുള്ള വ്യക്തികളെക്കുറിച്ച് അല്ല കോടതിയുടെ ആശങ്ക. കോടതിയുടെ ആശങ്ക വിദ്യാര്‍ത്ഥികളെ കുറിച്ചാണ് എന്നും കോടതി വ്യക്തമാക്കി. സെര്‍ച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് യൂണിവേഴ്സിറ്റി അറിയിച്ചത്.
കോടതിയോട് ഒളിച്ചു കളിക്കരുതെന്ന് യൂണിവേഴ്സിറ്റിയോട് ജഡ്ജി പരമാര്‍ശിച്ചു. വിസി ഇല്ലാതെ എങ്ങനെ ഒരു സ്ഥാപനം പ്രവര്‍ത്തിക്കും എന്ന് കോടതി ചോദിച്ചു. നവംബര്‍ 4 ന് ചേരുന്ന സെനറ്റ് യോഗത്തില്‍ സെര്‍ച് കമ്മിറ്റി അംഗത്തെ നിര്‍ദ്ദേശിക്കാന്‍ അജണ്ട ഉണ്ടോ എന്ന് അറിയിക്കണം. നാളെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കോടതി. ഹര്‍ജി നാളെ ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കും.
ഹൈക്കോടതിയില്‍ നല്‍കിയ സത്യാവങ്മൂലത്തില്‍ രൂക്ഷ വിമര്‍ശനം. പതിനഞ്ച് സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി അംഗീകരിക്കാത്തത് നിയമ വിരുദ്ധം. സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച നോട്ടിഫിക്കേന്‍ പിന്‍വലിക്കാന്‍ മുന്‍ വിസി മഹാദേവന്‍ പിള്ള ആവശ്യപ്പെട്ടു. താന്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റിയ്ക്ക് എതിരെ മുന്‍ വിസി നിലപാടെടുത്തത് നിയമ വിരുദ്ധം. സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് പുതിയ വിസി നിയമനം വേഗത്തിലാക്കാനാണ്. നടപടി നിയമപരമാണ്. വിജ്ഞാപനം പിന്‍വലിക്കാന്‍ സെനറ്റ് ആവശ്യപ്പെട്ടത് നിയമ വിരുദ്ധം. ഗവര്‍ണ്ണറുടെ നടപടിയെ സെനറ്റ് അധിക്ഷേപിച്ചു സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഒരാളെ എന്തുകൊണ്ട് സെനറ്റിന് നിര്‍ദ്ദേശിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി ചോദിച്ചു. സെനറ്റ് ഒരാളെ നിര്‍ദേശിച്ചാല്‍ അവസാനിക്കുന്നതാണ് പ്രശ്നം. എന്തിനാണ് ഗവര്‍ണ്ണറുടെ വിജ്ഞാപനം മാറ്റണമെന്ന ശാഠ്യമെന്നും കോടതി ചോദിച്ചു. തുടര്‍ന്നാണ് കേസ് നാളേക്ക് മാറ്റിയത്.