റോബിന്‍ ബസിന് നല്‍കിയ ഇടക്കാല അനുമതി ഹൈക്കോടതി രണ്ടാഴ്ച കൂടി നീട്ടി

single-img
21 November 2023

മുന്‍കൂര്‍ ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാരുമായി സര്‍വ്വീസ് നടത്തുന്നതിന് റോബിന്‍ ബസിന് ഹൈക്കോടതി നല്‍കിയ ഇടക്കാല അനുമതി രണ്ടാഴ്ച കൂടി നീട്ടി. കേസിൽ ബസ് ഉടമയുടെ അഭിഭാഷകന്‍ മരിച്ച സാഹചര്യത്തില്‍ പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള സാവകാശം കൂടി കണക്കിലെടുത്താണ് തീരുമാനം.

അതേസമയം, റോബിന്‍ ബസ് നിയമ ലംഘനങ്ങള്‍ തുടരുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിയമ ലംഘനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ നടപടിയെടുത്തതായി പത്രങ്ങളിലൂടെ അറിഞ്ഞെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടർന്ന് ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി.

കേരളത്തിന്റെ മോട്ടോര്‍ വാഹന വകുപ്പ് അന്യായമായി പിഴ ഈടാക്കുന്നു എന്നാരോപിച്ചു ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങളുടെ ഉടമകള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചത്. റോബിന്‍ ബസ് ഉടമ കോഴിക്കോട് സ്വദേശി കിഷോര്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കാനെടുത്തത്.

ഈ വർഷം മെയ് മാസത്തില്‍ നിലവില്‍ വന്ന ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ചട്ടങ്ങള്‍ പ്രകാരം ഓരോ പോയിന്റിലും നിര്‍ത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവാദമുണ്ടെന്നും പിഴ ഈടാക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.