അഡ്വ. എ. ജയശങ്കറിനെ ഒരു മാസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി


ഇടതുവിരുദ്ധ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ. ജയശങ്കറിനെ ഒരു മാസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കി ഹൈക്കോടതി. സച്ചിന്‍ദേവ് എംഎല്‍എയ്‌ക്കെതിരെ നടത്തിയ ജാതി അധിക്ഷേപ പരാമർശ പരാതിയിലെ കേസിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ഈ കാലയളവിൽ ജയശങ്കര്‍ അന്വേഷണത്തോട് സഹകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും മേയര്‍ ആര്യ രാജേന്ദ്രനുമായി വാക്കുതര്‍ക്കമുണ്ടായ വിഷയത്തില്‍ ജയശങ്കര്‍ ഒരു യുട്യൂബ് ചാനലില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
പട്ടികജാതിപട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകരമാണ് സച്ചിന്‍ദേവിന്റെ പരാതിയില്‍ കേസെടുത്തത്. ഇതിനെതിരെ ജയശങ്കര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാഷ്ട്രീയനേട്ടത്തിനായാണ് തനിക്കെതിരായ കേസെന്ന് ജയശങ്കര്‍ ഹര്‍ജിയില്‍ വാദിച്ചു.
സംസ്ഥാനത്തെ ഭരണകക്ഷിക്കും പ്രത്യേകിച്ച് ആഭ്യന്തര വകുപ്പു കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കുമെതിരായ തന്റെ വിമര്‍ശനങ്ങളെ നിശബ്ദമാക്കാന്‍ കൂടിയുള്ള ദുരുദ്ദേശം ഈ പരാതിക്ക് പിന്നിലുണ്ട്. ധാരാളം പെന്‍ഷനുകള്‍ കുടിശിക കിടക്കെ മുഖ്യമന്ത്രിയും കുടുംബവും വിദേശത്തു പോയത് താന്‍ വിമര്‍ശിച്ചിരുന്നു. തന്റെ വിമര്‍ശനങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കുകയും തന്നെ പിന്തുണയ്ക്കുകയും ചെയ്യുന്നത് സിപിഎമ്മിനെ വിറളി പിടിപ്പിക്കുന്നു എന്ന് ജയശങ്കര്‍ ഹര്‍ജിയില്‍ പറയുന്നു.