പുല്‍പള്ളി പഞ്ചായത്തിലെ ബീഫ് സ്റ്റാളുകൾ അടച്ചുപൂട്ടാന്‍ ഹൈകോടതി ഉത്തരവ്

single-img
16 October 2022

പുല്‍പള്ളി: പുല്‍പള്ളി പഞ്ചായത്തിലെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ബീഫ് സ്റ്റാളുകളും അടച്ചുപൂട്ടാന്‍ ഹൈകോടതി ഉത്തരവ്.

നടപടിക്രമങ്ങള്‍ പാലിക്കാതെയും ലൈസന്‍സ് നേടാതെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റില്ലാതെയും പുല്‍പള്ളിയില്‍ പഞ്ചായത്തിന്‍റെ സമീപമായുള്ള മാര്‍ക്കറ്റില്‍ മൂന്ന് ബീഫ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കാണിച്ച്‌ പാടിച്ചിറ സ്വദേശി സച്ചു തോമസ് നല്‍കിയ ഹരജിയിലാണ് ഹൈകോടതി ഉത്തരവ്.

പുല്‍പള്ളി കരിമം ഫിഷ് ആന്‍ഡ് ചിക്കന്‍ സ്റ്റാളില്‍ ബീഫ് വില്‍പന നടത്തിയതിന് പുല്‍പള്ളി പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഏഴോളം ജീവനക്കാരെത്തി ഇറച്ചിയില്‍ മണ്ണെണ്ണ ഒഴിച്ച്‌ നശിപ്പിക്കുകയും കടയുടെ ലൈസന്‍സ് പഞ്ചായത്ത് റദ്ദാക്കുകയും ചെയ്തിരുന്നു. ഹരജി പരിഗണിച്ച ഹൈകോടതി കരിമം ഫിഷ് ആന്‍ഡ് ചിക്കന്‍ സ്റ്റാളിന്‍റെ ലൈസന്‍സ് റദ്ദാക്കിയ നടപടിയും സ്റ്റേ ചെയ്തു.

ഇറച്ചി വില്‍പന നടത്തുന്നതിന് ആര്‍ക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്നാണ് പഞ്ചായത്ത് കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ചുകൊണ്ടാണ് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ബീഫ് സ്റ്റാളുകള്‍ അടച്ചുപൂട്ടുന്നതിന് നോട്ടീസ് നല്‍കാന്‍ പഞ്ചായത്തിനോട് ഹൈകോടതി ഉത്തരവിട്ടത്.