ശബരിമല കാണിക്ക എണ്ണൽ; തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതിയുടെ നിർദേശം

single-img
18 January 2023

ശബരിമലയിലെ കാണിക്ക എണ്ണലിൽ വളരെ നിർണായക ഇടപെടലുമായി കേരളാ ഹൈക്കോടതി. കാണിക്ക എണ്ണലിൻറെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ കമ്മീഷണർക്ക് കോടതി നിർദേശം നൽകി.

പതിവിനു വിപരീതമായി മുൻപില്ലാത്ത വിധം നോട്ടും നാണയങ്ങളും ഇത്തവണ എത്തിയെന്ന് കമ്മീഷണർ കോടതിയെ അറിയിച്ചു. നിലവിൽ അന്നദാന മണ്ഡപത്തിലും പണം കൂനയായി കൂട്ടിയിട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ കാണിക്ക എപ്പോൾ എണ്ണിത്തീരുമെന്ന് പറയാൻ കഴിയില്ലെന്നും ശബരിമല സ്പെഷ്യൽ കമ്മീഷണർ കോടതിയിൽ വ്യക്തമാക്കി.

ഇതിനെ തുടർന്ന് കാണിക്ക എണ്ണുന്നതിൽ അപാകതയുണ്ടോയെന്നറിയിക്കാൻ ദേവസ്വം വിജിലൻസിനും കോടതി നിർദേശം നൽകിയിരിക്കുകയാണ്. വിഷയം ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. ചരിത്രത്തിലെ തന്നെ ഏറ്റവും വരുമാനമാണ് ശബരിമലയിൽ ഇത്തവണത്തെ സീസണിൽ ലഭിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. കാണിക്കകളും നോട്ടുകളും എണ്ണാനായി നിലവിൽ 60 ജീവനക്കാരെ അധികമായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.