ശ്രീകുമാർ മേനോനെതിരെ മഞ്ജുവാര്യരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി ഹൈക്കോടതി
നടി മഞ്ജുവാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സോഷ്യൽ മീഡിയയിലൂടെ അപവാദപ്രചാരണം നടത്തി എന്നായിരുന്നു മഞ്ജുവിന്റെ പരാതി.
മോഹൻലാൽ നായകനായ ഒടിയൻ എന്ന സിനിമയ്ക്ക് ശേഷമുള്ള സൈബർ ആക്രമണത്തിലായിരുന്നു മഞ്ജു പരാതി നൽകിയിരുന്നത്. തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജു വാര്യർ നാല് വർഷത്തോളം നിലപാട് അറിയിച്ചില്ല.
ഇതിനെ തുടർന്നാണ് 2019 ഒക്ടോബർ 23ന് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ കോടതി റദ്ദാക്കിയത്. മഞ്ജു വാര്യർ ഡിജിപിയ്ക്ക് നേരിട്ട് നൽകിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. തന്നെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലടക്കം അപകീർത്തിപ്പെടുത്തുകയും ചെയ്തതായാണ് മഞ്ജു വാര്യരുടെ പരാതിയിൽ പറയുന്നത്. ശ്രീകുമാർ മേനോന് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്ന് പരാതിയിൽ പറയുന്നു.