സര്‍ക്കുലര്‍ ശരിവച്ച് ഹൈക്കോടതി; ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണങ്ങളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം
പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണങ്ങളുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോകാം. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനുള്ള ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി ഹൈക്കോടതി. ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ കോടതി ശരിവച്ചു.
വിവിധ ഡ്രൈവിങ് സ്‌കൂള്‍ പരിശീലകര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്. ഡ്രൈവിങ് ടെസ്റ്റിന് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാരിന്റെ തീരുമാനം ഏകപക്ഷീയമാണ് എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. നിയമ വിരുദ്ധമായ ഉത്തരവ് റദ്ദാക്കണം എന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.
കേരളാ മോട്ടോര്‍ വെഹിക്കിള്‍ ചട്ടമോ കേന്ദ്ര സര്‍ക്കാരിന്റെ ചട്ടമോ നിലവിൽ നിബന്ധനകളെ കുറിച്ച് നിര്‍വചിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഉത്തരവ് നിലനില്‍ക്കുന്നതല്ല എന്നാണ് ഹര്‍ജിക്കാരായ ഡ്രൈവിങ് പരിശീലകരുടെ വാദം. അതിനാൽ രേഖകള്‍ വിളിച്ചുവരുത്തി ഹൈക്കോടതി പരിശോധിക്കണം. മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച സര്‍ക്കാരിന്റെ ചട്ടങ്ങള്‍ റദ്ദാക്കണം എന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
പുതിയ ഗതാഗതമന്ത്രി കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാന വ്യാപകമായി നടക്കുന്നത്. കഴിഞ്ഞ ദിവസം പലയിടങ്ങളിലും സമരം കടുത്തതോടെ ഡ്രൈവിങ് ടെസ്റ്റ് മുടങ്ങിയിരുന്നു.