ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് എന്തിനെന്ന് ഹൈക്കോടതി

single-img
7 December 2022

കൊച്ചി: ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് എന്തിനെന്ന് ഹൈക്കോടതി. നിയന്ത്രണങ്ങളുടെ പേരില്‍ പെണ്‍കുട്ടികളെ എത്ര നേരം പൂട്ടിയിടുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്കു മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് എതിരായ ഹര്‍ജി പരിഗണിക്കുമ്ബോഴാണ് പരാമര്‍ശം.

രാത്രി ഒന്‍പതരയ്ക്കു ശേഷം പെണ്‍കുട്ടികള്‍ക്കു മാത്രം പുറത്തിറങ്ങാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെയാണ് കോടതി ചോദ്യം ചെയ്തത്. 9.30ന് ശേഷം പെണ്‍കുട്ടികളുടെ തല ഇടിഞ്ഞുവീഴുമോ? പ്രശ്‌നക്കാരായ ആണുങ്ങളെ പൂട്ടിയിടുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു. ക്യാംപസ് സുരക്ഷിതമല്ലെങ്കില്‍ ഹോസ്റ്റല്‍ എങ്ങനെ സുരക്ഷിതമാവുമെന്ന് കോടതി ചോദിച്ചു.

പ്രായപൂര്‍ത്തിയായ പൗരന്മാരല്ലേ?

പ്രായപൂര്‍ത്തിയായ പൗരന്‍മാരെ അവര്‍ക്ക് ഇഷ്ടമുള്ളയിടത്ത് പോകാന്‍ അനുവദിച്ചുകൂടെയെന്ന്, മെഡിക്കല്‍ കോളജ് വിഷയത്തിലെ ഹര്‍ജി പരിഗണിച്ചുകൊണ്ട് നേരത്തെ ഹൈക്കോടതി ആരാഞ്ഞിരുന്നു. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല. ഇത്തരം നിയന്ത്രണം ആണധികാര വ്യവസ്ഥയുടെ ഭാഗമാണ്. ഹോസ്റ്റലിലെ നിയന്ത്രണം ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ത്ഥിനികള്‍ ക്യാമ്ബസിനുള്ളില്‍ പോലും ഇറങ്ങരുതെന്ന് ഭരണകൂടം പറയുന്നത് എന്തടിസ്ഥാനത്തിലെന്ന് കോടതി ചോദിച്ചു. വിദ്യാര്‍ഥികളുടെ ജീവന് മെഡിക്കല്‍ കോളജ് ക്യാമ്ബസില്‍ പോലും സംരക്ഷണം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണോ ഉള്ളതെന്ന് കോടതി ചോദിച്ചു.

മെഡിക്കല്‍ കോളജിലെ ലൈബ്രറി പതിനൊന്നരവരെ പ്രവര്‍ത്തിക്കാറുണ്ട്. അങ്ങനെയെങ്കില്‍ ലൈബ്രറി അതുവരെ ഉപയോഗിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു വിദ്യാര്‍ഥിനികളുടെ നിലപാട്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ സമയനിയന്ത്രണം ഇല്ല. തുടര്‍ന്ന് വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടുകയും ചെയ്തു. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തന്നെ കാര്യങ്ങള്‍ നടക്കണമെന്നാണ് വനിതകമ്മീഷന്റെ നിര്‍ദേശം. തുടര്‍ന്നാണ് വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയെ സമീപിച്ചത്.