ബോട്ട് ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മാർഗനിർദേശങ്ങളുമായി ഹൈക്കോടതി
താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ; സംസ്ഥാനത്ത് ബോട്ട് ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മാർഗനിർദേശങ്ങളുമായി ഹൈക്കോടതി. സർവീസ് ആരംഭിക്കുന്നതിന് മുൻപായി എത്രപേരെ കയറ്റാമെന്ന ബോർഡ് ബോട്ടുകളിൽ സ്ഥാപിക്കാൻ കോടതി നിർദേശം നൽകി.
അതേപോലെതന്നെ ബോട്ടുകളിൽ ആളുകൾ കയറാൻ പാടില്ലാത്ത സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കണം, സുരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കണം, സഞ്ചാരികളുടെ രജിസ്റ്റർ സൂക്ഷിക്കണം എന്നിവയാണ് പ്രധാന നിർദേശങ്ങൾ.
എന്നാൽ, നിയമം ലംഘിച്ച് കൂടുതൽ ആളുകൾ കയറിയാൽ ഉത്തരവാദിത്തം ബോട്ടുടമയ്ക്കും സ്രാങ്കിനുമാണെന്നും കോടതി കൂട്ടിച്ചേർത്തു. ഇതോടൊപ്പം തന്നെ താനൂർ ബോട്ടപകടം പരിശോധിക്കാൻ അഡ്വ.വിഎം ശ്യാംകുമാറിനെ അമിക്യസ് ക്യൂറിയായി കോടതി തീരുമാനിച്ചു. കോടതി നൽകിയ നിർദേശങ്ങൾ നടപ്പാക്കുമെന്ന് സർക്കാരും ഉറപ്പ് നൽകി. താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസ് ജൂണ്‍ ഏഴിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.