പ്രിയാ വർഗീസിന്റെ അയോഗ്യത; ഹൈക്കോടതി വിധി മാനിക്കുന്നു: മന്ത്രി ആർ ബിന്ദു
കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ പ്രിയ വർഗീസിന് അസോസിയേറ്റഡ് പ്രൊഫസറാകാൻ ആവശ്യമായ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി മാനിക്കുന്നതായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പ്രസ്തുത നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ ഒരുകാലത്തും ഇടപെട്ടിട്ടില്ലെന്നും അടുത്ത നടപടിയെന്തെന്ന് തീരുമാനിക്കേണ്ടത് കണ്ണൂർ വിസിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പ്രിയ വർഗീസിന്റെ പിഎച്ച്ഡി കാലം പ്രവർത്തി പരിചയമായി കണക്കാക്കേണ്ടതുണ്ടോ എന്നതിൽ വൈസ് ചാൻസിലർക്ക് എജിയോട് നിയമപദേശം തേടാമായിരുന്നു എന്ന കോടതിയുടെ പരാമർശം ഏതുതരത്തിലും വ്യാഖ്യാനിക്കാമല്ലോ എന്നും മന്ത്രി ചോദിച്ചു.
നേരത്തെ, കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. നിയമനത്തിനായി യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്നാണ് കോടതി ഉത്തരവില്‍ പ്രധാനമായും പറഞ്ഞിട്ടുള്ളത്.