സ്തനാർബുദ മരുന്നിന്റെ വില കുറക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ


സ്തനാർബുദ ചികിത്സക്കു വേണ്ടി ഉപയോഗിക്കുന്ന റൈബോസൈക്ലിബ് എന്ന മരുന്നിന്റെ വില കുറക്കാൻ കഴിയില്ല എന്ന് കേന്ദ്ര സർക്കാർ. കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിക്കുള്ള മറുപടിയിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിലപാടു വ്യക്തമാക്കിയത്.
സ്തനാർബുദം ബാധിച്ച റിട്ട. ബാങ്ക് ജീവനക്കാരിയാണ് സ്തനാർബുദ ചികിത്സച്ചെലവിന്റെ ഭാരം ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരി മരിച്ചെങ്കിലും സ്വമേധയാ കേസെടുത്ത ഹൈക്കോടതി ആരോഗ്യമന്ത്രാലയത്തിന്റെ പ്രതികരണം തേടുകയായിരുന്നു.
സ്തനാർബുദത്തിനു 200 മില്ലിഗ്രാം വീതം പ്രതിദിനം 3 എണ്ണം 21 ദിവസത്തേക്കാണ് സാധാരണ ഡോസേജ്. ഇതിനു മാത്രം 58,140 രൂപയാണു ചെലവ്. നിലവിൽ നൊവാരിറ്റസിന്റെ മരുന്ന് ഇന്ത്യയിൽ സാൻഡോസ് എന്ന കമ്പനി മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. പേറ്റന്റ് നിയന്ത്രണമില്ലാതെ ഇന്ത്യയിൽ മരുന്ന് ഉൽപാദിപ്പിക്കാൻ പേറ്റന്റ് നിയമത്തിൽ വ്യവസ്ഥയുണ്ട്. അടിയന്തര സാഹചര്യത്തിൽ നിർബന്ധിത ലൈസൻസ് നൽകുന്ന 92–ാം വകുപ്പ്, സർക്കാർ ആവശ്യങ്ങൾക്കായി പകർപ്പവകാശം ഉപയോഗപ്പെടുത്താവുന്ന 100–ാം വകുപ്പ് എന്നിവ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും നിലവിൽ ഈ സാഹചര്യമില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വാദം.