ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസുകൾ സിബിഐക്ക് വിട്ട് സംസ്ഥാന സർക്കാർ

single-img
8 April 2024

ഹൈറിച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസുകൾ സിബിഐക്ക് വിട്ട് സംസ്ഥാന സർക്കാർ ഉത്തരവ്. ബഡ്‌സ് നിയമപ്രകാരം ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് കേസ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്.

തൃശൂർ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് 1630 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏകദേശം ഒരു കോടിയിലധികം നിക്ഷേപകരിൽ നിന്നാണ് 1693 കോടി രൂപ മണി ചെയിൻ മാതൃകയിൽ ഹൈറിച്ച് കമ്പനി ഉടമകൾ തട്ടിയെടുത്തത്. 2 ഡോളറിന്‍റെ ഹൈറിച്ച് കോയിൻ എടുത്താൽ 10 ഡോളർ ആക്കി മടക്കി നൽകുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.

വിഷയത്തിൽ ഇഡി അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് തൃശ്ശൂർ ജില്ലയിലെ പുതുക്കാട് നിന്ന് ഒരു പരാതി ആദ്യമായി വന്നത്. ഏകദേശം 3141 കോടിയിലേറെ രൂപ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും ഹൈറിച്ച് സമാഹരിച്ചതായി സംസ്‌ഥാന പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 100 കോടി രൂപയുടെ ഹവാല കടത്തുമായി ബന്ധപ്പെട്ടാണ് ഇഡി ഈ കേസിൽ അന്വേഷണം ആരംഭിച്ചത്.

ഓൺലൈൻ വഴി പലചരക്ക് ഉൾപ്പെടെ സാധനങ്ങൾ വിൽക്കുന്ന കമ്പനി ഓൺലൈൻ മണിചെയിൻ അടക്കം ആരംഭിക്കുകയും ഉയർന്ന പലിശ വാഗ്ദാനം ചെയ്ത്‌ ജനങ്ങളിൽനിന്ന് നിക്ഷേപം വാങ്ങി തട്ടിപ്പ് നടത്തുകയും ചെയ്തു എന്നതടക്കം ഒട്ടേറെ പരാതികൾ നിലവിലുണ്ട്.