ഹിജാബ് കേസ്: ഭിന്നവിധി; കേസ് വിശാല ബെഞ്ചിന് വിട്ടു

single-img
13 October 2022

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയത് സംബന്ധിച്ച കേസ് വിശാലബെഞ്ചിനു കൈമാറി. ഹിജാബ് വിലക്കിയ കർണാടക ഹൈക്കോടതി വിധി ശരിവച്ച് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത വിധിപറഞ്ഞപ്പോൾ എല്ലാ അപ്പീലുകളും അംഗീകരിച്ച് ഹൈക്കോടതി വിധി തള്ളിയാണ് ജസ്റ്റിസ് സുധാൻഷു ധുലിയ വിധി പറഞ്ഞത്. ഈ സാഹചര്യത്തിലാണ് കേസ് വിശാല ബഞ്ചിനു വിട്ടത്.

ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണെന്നാണ് ഹർജിക്കാരുടെ വാദം. എന്നാൽ 2021 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ചിരുന്നില്ലെന്നും പോപ്പുലർ ഫ്രണ്ട് തുടങ്ങിവച്ച സമൂഹമാധ്യമ പ്രചാരണം ആണ് ഹിജാബ് വിവാദത്തിനു കാരണമെന്നും കർണാടക സർക്കാർ വാദിച്ചു. മാത്രമല്ല ഹിജാബ് ധരിക്കൽ ഇസ്‌ലാം മതത്തിൽ അനിവാര്യമല്ലെന്ന് കർണാടക ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു.

കർണാടക ഹൈക്കോടതി വിധിക്കെതിരെ 25 ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹർജിക്കാർക്കുവേണ്ടി അഭിഭാഷകരായ ദുഷ്യൻ ദവെ, ഹുഫേസ അഹമ്മദി, സഞ്ജയ് ഹെഡ്ഡെ, രാജീവ് ധവാൻ, ദേവദത്ത് കാമത്ത്, സൽമാൻ ഖുർഷിദ്, പ്രശാന്ത് ഭൂഷൻ, ഹാരിസ് ബീരാൻ, സുൽഫിക്കർ അലി തുടങ്ങിയവർ ഹാജരായി. കർണാടക സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം.നടരാജ്, അഡ്വക്കേറ്റ് ജനറൽ പി.കെ. നവദഗി എന്നിവർ ഹാജരായി. വാദം കേൾക്കൽ 10 ദിവസം നീണ്ടുനിന്നു.