പണം കിട്ടിയാൽ പാർട്ടി വിടുന്നവർ; ഗോവയിലെ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നതിൽ തനിക്ക് പങ്കില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ
ഗോവയിൽ മുൻ മുഖ്യമന്ത്രി ഉൾപ്പെടെ എട്ട് കോൺഗ്രസ് എംഎൽഎമാർ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തങ്ങളുടെ പാർട്ടിയിൽ നിന്നും നേതാക്കൾ ബിജെപിയിലേക്ക് കൂറുമാറിയതിന് കാരണം ഹിമന്ത ബിശ്വ ശർമ്മയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രതികരണവുമായി അദ്ദേഹം എത്തിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് മുൻ ഗോവ മുഖ്യമന്ത്രി ദിഗംബർ കാമത്ത് ഉൾപ്പെടെയുള്ള എംഎൽഎമാർ ബിജെപിയിൽ ചേർന്നത്. ഗോവയിൽ കോൺഗ്രസിന് ആകെയുള്ള 11 എംഎൽഎമാരിൽ 8 പേർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് കോൺഗ്രസിന് കനത്ത തിരിച്ചടിയായിരുന്നു.
‘എന്തുകൊണ്ടാണ് കോൺഗ്രസ് ഈ സംഭവത്തിൽ എന്റെ പങ്കിനെക്കുറിച്ച് നിരന്തരം ആരോപണം ഉന്നയിക്കുന്നതെന്ന് എനിക്കറിയില്ല. ഞാൻ ഇതുവരെ രാഷ്ട്രീയമായി ഗോവ സന്ദർശിച്ചിട്ടില്ല. കോൺഗ്രസിന് എങ്ങനെയാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കാനാകുന്നുവെന്ന് മനസിലാകുന്നില്ല. ഒറ്റരാത്രികൊണ്ട് അഴിമതിക്കാരനായി മാറരുത്, പണം നൽകിയാൽ പാർട്ടി വിടുമെന്ന് ഉറപ്പുണ്ടെങ്കിൽ അത്തരത്തലുള്ളവരെ എന്തുകൊണ്ടാണ് പോറ്റുന്നത്’ ഹിമന്ത ചോദിക്കുന്നു.