ഹിൻഡൻബർഗിന്റേത് ആരോപണങ്ങൾ മാത്രം; മാധബി ബുച്ചിനെതിരെ അന്വേഷണമില്ലെന്ന് കേന്ദ്രസർക്കാർ
സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനെതിരെ അന്വേഷണം നടത്താൻ ഒരു പദ്ധതിയും നിലവിൽ ഇല്ലെന്ന് അറിയിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയം. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിക്കില്ലെന്നും ധനകാര്യമന്ത്രാലയം അറിയിച്ചു.
ഹിഡൻബർഗ് ബുച്ചിനെതിരായ ആരോപണം വലിയ രാഷ്ട്രീയവിവാദമായ സാഹചര്യത്തിൽ അത് അന്വേഷിക്കാൻ സമിതിയെ വെക്കുമോയെന്ന ചോദ്യത്തിലാണ് തങ്ങൾ ഈ രീതിയിൽ ഒരു തീരുമാനമെടുത്തിട്ടില്ലെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചത്.
ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലുമായി ഹിൻഡൻബർഗ് റിസർചാണ് രംഗത്തെത്തിയത്.
മുൻപ് തങ്ങൾ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും ശനിയാഴ്ച പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.