ഹിന്ദി ഭാഷ ഉപയോഗിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദിയുമായി ബന്ധപ്പെട്ട പരിപാടികള്‍ ആവശ്യമില്ല;പ്രധാനമന്ത്രിക്ക് കത്തുമായി സ്റ്റാലിന്‍

single-img
18 October 2024

ഹിന്ദി മാസാചരണ പരിപാടിയും തമിഴ്‌നാട്ടിലെ ചെന്നൈ ദൂരദര്‍ശന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷവും ഒരുമിച്ച് ആക്കിയതില്‍ പ്രതിഷേധവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഹിന്ദി ഭാഷ ഉപയോഗിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദിഭാഷയുമായി ബന്ധപ്പെട്ട പരിപാടികള്‍ വേണ്ടെന്ന് സ്റ്റാലിന്‍ പറഞ്ഞു.

ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് അദ്ദേഹം കത്തയച്ചു. നമ്മുടെ രാജ്യത്ത് ദേശീയ ഭാഷാ പദവി ഒരു ഭാഷയ്ക്കും ഇല്ല. ഇതുപോലെയുള്ള പരിപാടികള്‍ നടത്തുന്നത് പ്രാദേശിക ഭാഷകളെ ഇകഴ്ത്തിക്കാട്ടാനാണെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ വേണ്ടവിധത്തില്‍ ബഹുമാനിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇന്ത്യന്‍ ഭരണഘടന ഹിന്ദി ഉള്‍പ്പെടെ ഒരു ഭാഷയും ദേശീയ ഭാഷയായി കണക്കാക്കുന്നില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു.

ഇത്തരം പരിപാടികള്‍ നടത്തണമെന്ന് നിര്‍ബന്ധമാണെങ്കില്‍ പ്രാദേശിക ഭാഷകളെ സമാന പ്രാധാന്യത്തോടെ ഉയര്‍ത്തിക്കാട്ടുന്ന പരിപാടികളും ആസൂത്രണം ചെയ്യേണ്ടതാണെന്നും സ്റ്റാലിന്‍ കത്തില്‍ സൂചിപ്പിച്ചു. തന്റെ സോഷ്യൽ മീഡിയാ എക്‌സ് പോസ്റ്റില്‍ സ്റ്റാലിന്‍ ഈ കത്ത് പങ്കുവച്ചിട്ടുമുണ്ട്.